ബാലൺ ഡി’ഓർ ലിസ്റ്റ് : അർജന്റീനക്കാരെ കാണാനില്ല,ബ്രസീലിൽ നിന്നും പോർച്ചുഗല്ലിൽ നിന്നുമൊക്കെ കൂടുതൽ താരങ്ങൾ!

ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺ ഡി’ഓർ പുരസ്‌ക്കാരത്തിനുള്ള 30 താരങ്ങളുടെ ലിസ്റ്റ് ഇന്നലെ ഫ്രാൻസ് ഫുട്ബോൾ പുറത്തു വിട്ടിരുന്നു. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഒഴികെയുള്ള പ്രമുഖ താരങ്ങളെല്ലാം ഇതിൽ ഇടം നേടിയിരുന്നു.റയൽ സൂപ്പർതാരം ബെൻസിമക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

അതേസമയം ഈ 30 പേരുടെ ലിസ്റ്റിൽ ഒരൊറ്റ അർജന്റൈൻ താരത്തിന് പോലും ഇടം നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. സാധാരണ രൂപത്തിൽ ലയണൽ മെസ്സിയെങ്കിലും അർജന്റീനയിൽ നിന്ന് ഉണ്ടാവാറുണ്ടെങ്കിലും ഇത്തവണ മെസ്സിക്കും അതിന് സാധിച്ചിട്ടില്ല. കൂടാതെ ലൗറ്ററോ മാർട്ടിനസ്,എമി മാർട്ടിനസ് തുടങ്ങിയവർക്കൊന്നും 30 പേരുടെ ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് അർജന്റീനയുടെ ആരാധകർക്ക് വലിയ നിരാശ പകരുന്ന കാര്യമാണ്.

അതേസമയം ഏറ്റവും കൂടുതൽ താരങ്ങൾ ഇടം നേടിയിട്ടുള്ളത് ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നിന്നാണ്. 4 വീതം താരങ്ങളാണ് ഇരു രാജ്യങ്ങളിൽ നിന്നും ഇടം നേടിയിട്ടുള്ളത്.കരിം ബെൻസിമ,മൈക്ക് മൈഗ്നൻ,കിലിയൻ എംബപ്പെ,എങ്കുങ്കു എന്നിവരാണ് ഫ്രാൻസിൽ നിന്നും ഇടം നേടിയിട്ടുള്ളത്. പോർച്ചുഗലിൽ നിന്നും റൊണാൾഡോ,ബെർണാഡോ സിൽവ,ജോവോ കാൻസെലോ,റഫയേൽ ലിയാവോ എന്നിവരാണ് ഇടം നേടിയിട്ടുള്ളത്.

അതേസമയം തൊട്ട് പിറകിൽ ബ്രസീൽ വരുന്നു. മൂന്ന് താരങ്ങളാണ് ബ്രസീലിൽ നിന്നും ഇടം കണ്ടെത്തിയിട്ടുള്ളത്.കാസമിറോ,ഫാബിഞ്ഞോ,വിനീഷ്യസ് എന്നിവരാണ് മൂന്ന് താരങ്ങൾ. ഇംഗ്ലണ്ടിൽ നിന്നും മൂന്ന് താരങ്ങൾ ഇടം നേടിയിട്ടുണ്ട്.ഹാരി കെയ്ൻ,അർനോൾഡ്,ഫിൽ ഫോഡൻ എന്നിവരാണ് ആ താരങ്ങൾ.

ജർമ്മനി, ബെൽജിയം എന്നീ രാജ്യങ്ങളിൽ നിന്ന് രണ്ടു വീതം താരങ്ങളും ഇടം കണ്ടെത്തിയിട്ടുണ്ട്. ഏതായാലും സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന അർജന്റീനയിൽ നിന്നും താരങ്ങൾ ഇല്ലാത്തത് ആരാധകർക്ക് നിരാശ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *