ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയത് നാല് രാജ്യങ്ങൾ, പോരാട്ടം കടുക്കുന്നു!
ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് സമ്മാനിക്കുന്ന ബാലൺഡി’ഓർ പുരസ്കാരം ഫ്രാൻസ് ഫുട്ബോൾ ഇന്നാണ് നൽകുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12 മണിക്ക് പാരീസിൽ വെച്ചാണ് ഈ ചടങ്ങ് സംഘടിപ്പിക്കപ്പെടുക.റയലിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.
ഏതായാലും ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള രാജ്യങ്ങൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം. നാല് രാജ്യങ്ങളാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്.അർജന്റീന,പോർച്ചുഗൽ, നെതർലാൻഡ്സ്, ജർമ്മനി എന്നിവരാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. 7 വീതം ബാലൺഡി’ഓറുകളാണ് ഇവർ കരസ്ഥമാക്കിയിട്ടുള്ളത്.
അർജന്റീനക്ക് വേണ്ടി 7 ബാലൺഡി’ഓറുകളും നേടിയിട്ടുള്ളത് സൂപ്പർതാരം ലയണൽ മെസ്സിയാണ്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം നേടിയിട്ടുള്ളതും മെസ്സി തന്നെയാണ്. അതേസമയം പോർച്ചുഗലിന് അഞ്ചു തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ ബാലൺഡി’ഓർ നേടിക്കൊടുത്തു.യൂസെബിയോ,ലൂയിസ് ഫിഗോ എന്നിവരാണ് ശേഷിച്ച ബാലൺഡി’ഓറുകൾ പോർച്ചുഗലിൽ നേടിയിട്ടുള്ളത്.
Only four nations from across the world have won the #BallonDor seven times 😲
— Transfermarkt.co.uk (@TMuk_news) October 14, 2022
Which one do you think will win their eighth first? pic.twitter.com/B6oEDdtv6Z
നെതർലാൻസിന്റെ കാര്യത്തിലേക്ക് വരുമ്പോൾ വാൻ ബേസ്റ്റനും യൊഹാൻ ക്രൈഫും മൂന്ന് വീതം ബാലൺഡി’ഓറുകൾ നേടിയിട്ടുണ്ട്.റൂഡ് ഗുള്ളിറ്റാണ് ഒരുതവണ ഈ പുരസ്കാരം നേടിയിട്ടുള്ളത്. ജർമ്മനിയുടെ കാര്യത്തിലേക്ക് വരുമ്പോൾ റുമ്മനിഗ്ഗെ,ബെക്കൻബോർ എന്നിവർ രണ്ട് വീതം ഈ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.സാമ്മർ,മത്തേവൂസ്,ജെർഡ് മുള്ളർ എന്നിവരാണ് ശേഷിച്ച പുരസ്കാരങ്ങൾ നേടിയിട്ടുള്ളത്.
ഇതിൽ ആരായിരിക്കും ആദ്യം എട്ടാം പുരസ്കാരം നേടി കൊണ്ട് ഒന്നാം സ്ഥാനം ഒറ്റക്ക് സ്വന്തമാക്കുക എന്നുള്ളതാണ് ഏവരും ഉറ്റു നോക്കുന്നത്. ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ അഞ്ച് തവണയാണ് ബാലൺഡി’ഓർ കരസ്ഥമാക്കിയിട്ടുള്ളത്. റൊണാൾഡോ രണ്ടുതവണയും റിവാൾഡോ,റൊണാൾഡീഞ്ഞോ, കക്ക എന്നിവർ ഓരോ തവണയുമാണ് ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. ഏതായാലും ഇത്തവണ ബാലൺഡി’ഓർ ഫ്രാൻസിലേക്ക് പോകുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.