അവൻ്റെ മുഖത്തടിച്ചില്ല എന്ന സങ്കടമേയുള്ളൂ: നെയ്മർ

ഒളിമ്പിക് മാഴ്സെയുടെ സ്പാനിഷ് ഡിഫൻ്റർ ആൽവെരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണവുമായി നെയ്മർ രംഗത്ത്. ഇന്ന് പുലർച്ചെ നടന്ന PSG vs മാഴ്സെ ലീഗ് വൺ മത്സരത്തിൽ നെയ്മർ അടക്കം 5 താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. മത്സരത്തിൻ്റെ അവസാന നിമിഷങ്ങളിൽ നടന്ന കയ്യാങ്കളിയെ തുടർന്ന് റഫറി PSG താരങ്ങളായ നെയ്മർ ജൂനിയർ, ലിയാൺട്രോ പരേഡസ്, ലെയ്വിൻ കുർസാവ എന്നിവർക്കും മാഴ്സെ താരങ്ങളായ ജോർഡൻ അമാവി, ഡാരിയോ ബെനെഡിറ്റോ എന്നിവർക്കും ചുവപ്പ് കാർഡ് നൽകിയിരുന്നു. മാഴ്സെ ഡിഫൻ്റർ ആൽവെരോ ഗോൺസാലസിൻ്റെ തലയുടെ പുറക് വശത്ത് അടിച്ചതിനാണ് റഫറി നെയ്മർക്ക് ചുവപ്പ് കാർഡ് നൽകിയത്. എന്നാൽ ആൽവരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചതായി നെയ്മർ ഫോർത്ത് ഒഫീഷ്യലിനോട് പരാതിപ്പെട്ടു. കൂടാതെ TV ക്യാമറയെ നോക്കിയും താരം ഈ ആരോപണം ആവർത്തിച്ചു.

മത്സരശേഷം ട്വിറ്ററിലും നെയ്മർ തൻ്റെ ആരോപണം ആവർത്തിച്ചു. തിക്ക് ആൽവരോ ഗോൺസാലിൻ്റെ മുഖത്തടിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രമേയുള്ളൂ എന്നായിരുന്നു ആദ്യ ട്വീറ്റ്. ‘ഞാൻ ചെയ്തത് VAR കണ്ടു. എന്നാൽ എന്നെ കുരങ്ങനെന്നും മറ്റ് മോശമായ ഭാഷയിൽ തെറിവിളിച്ചതും കണ്ടില്ല! നിങ്ങൾ എന്നെ ശിക്ഷിച്ചു, എന്നാൽ ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്’ എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്. ഏതായാലും ഇക്കാര്യത്തെക്കുറിച്ച് ഫ്രഞ്ച് ഫുട്ബോൾ അധികൃതർ അന്വേഷണം നടത്തുമെന്ന കാര്യം ഉറപ്പാണ്. നെയ്മറുടെ ആരോപണം ശരിയാണെന്ന് തെളിയുകയാണെങ്കിൽ കടുത്ത ശിക്ഷ തന്നെ ആൽവെരോ ഗോൺസാലസിന് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!