സിദാനും ക്രിസ്റ്റ്യാനോയുമാണ് തന്റെ ഹീറോസെന്ന് എംബാപ്പെ

ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങളായ സിനെദിൻ സിദാനും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് തന്റെ റോൾ മോഡൽസെന്ന് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർസ്ട്രൈക്കെർ കെയ്‌ലിൻ എംബാപ്പെ. കഴിഞ്ഞ ദിവസം ഡെയിലി മിററിനോട് സംസാരിക്കുന്ന വേളയിലാണ് തന്റെ ആരാധനാപാത്രങ്ങളെ എംബാപ്പെ ഒരു തവണ കൂടെ ഫുട്ബോൾ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. കുട്ടിക്കാലം തൊട്ടേ സിദാന്റെ കടുത്ത ആരാധകനായിരുന്നുവെന്നും പിന്നീട് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും എംബാപ്പെ വെളിപ്പെടുത്തി. എംബാപ്പെ റയലിലേക്ക് എന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് താരം മുൻ റയൽ മാഡ്രിഡ്‌ താരങ്ങളോടുള്ള ഇഷ്ടം തുറന്നുപറഞ്ഞത്.

” എന്റെ ആദ്യത്തെ ആരാധനാപാത്രം സിദാനായിരുന്നു. അദ്ദേഹം തന്റെ രാജ്യത്തിന് വേണ്ടി എല്ലാം നേടികൊടുത്തു. അതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്റെ ഹീറോയായി. അദ്ദേഹം ഒരുപാട് കിരീടങ്ങൾ സ്വന്തമാക്കി. ഇപ്പോഴും അദ്ദേഹം നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കി കൊണ്ടിരിക്കുന്നു. അവർ രണ്ട് പേരും ഫുട്ബോളിൽ തങ്ങളുടേതായ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഞാൻ പോകും മുൻപ്,എനിക്കും അത്പോലെ എന്റേതായ ചരിത്രം രേഖപ്പെടുത്തണം ” എംബാപ്പെ അഭിമുഖത്തിൽ പറഞ്ഞു.ബാലൺ ഡിയോർ നേടുന്നതിനെ താൻ ഇഷ്ടപ്പെടുന്നുവെന്നും എന്നാൽ എപ്പോഴും മുൻഗണന നാഷണൽ ടീമിനും ക്ലബിനുമായിരിക്കുമെന്നും അതിന് ശേഷം മാത്രമേ വ്യക്തിഗത നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുകയൊള്ളു എന്നും എംബാപ്പെ വ്യക്തമാക്കി.

നിലവിൽ എംബാപ്പെ റയലിലേക്ക് കൂടുമാറും എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. താരത്തെ ടീമിൽ എത്തിക്കാൻ സിദാനും പെരെസും താല്പര്യം പ്രകടമാക്കിയിരുന്നു. എന്നാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഉണ്ടായേക്കില്ല എന്നാണ് അറിയുന്നത്. അടുത്ത ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ എംബപ്പേ റയൽ ജേഴ്‌സി അണിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *