നിലവിലെ മികച്ച താരം മെസ്സിയെന്ന് റൊണാൾഡോ, ക്രിസ്റ്റ്യാനോക്ക് ആദ്യഅഞ്ചിൽ ഇടമില്ല

സമകാലികഫുട്ബോൾ ലോകത്തെ മികച്ച താരങ്ങൾ ആരൊക്കെയാണ്? ഈ ചോദ്യം നേരിട്ടത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ റൊണാൾഡോ നസാരിയോയാണ്. ആധുനിക ഫുട്‍ബോളിലെ തന്റെ പ്രിയപ്പെട്ട അഞ്ച് ഫുട്ബോൾ താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് റൊണാൾഡോ. കൗതുകകരമായ വസ്തുത എന്തെന്നാൽ ഈ അഞ്ച് താരങ്ങളിൽ ഇടം നേടാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. പ്രമുഖമാധ്യമമായ എഎസ്സിനോട്‌ സംസാരിക്കുന്ന വേളയിലാണ് ആധുനികഫുട്‍ബോളിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ റൊണാൾഡോ തിരഞ്ഞെടുത്തത്. ലോകത്തെ ഏറ്റവും മികച്ച താരമായി റൊണാൾഡോ തിരഞ്ഞെടുത്തത് ലയണൽ മെസ്സിയെയാണ്. നെയ്മർ ജൂനിയർ, മുഹമ്മദ് സലാഹ്, ഈഡൻ ഹസാർഡ്, കെയ്‌ലിൻ എംബാപ്പെ എന്നിവരാണ് ഈ ബ്രസീലിയൻ ഇതിഹാസം ഇഷ്ട്ടപ്പെടുന്ന മറ്റു താരങ്ങൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല.

” തീർച്ചയായും മെസ്സിയാണ് നിലവിലെ നമ്പർ വൺ താരം. അദ്ദേഹത്തിനെ പോലെയൊരു പ്രതിഭയെ കാണണമെങ്കിൽ കുറഞ്ഞത് ഇരുപതോ മുപ്പതോ വർഷം വേണ്ടി വരും. പിന്നീട് ഞാൻ ഇഷ്ടപ്പെടുന്ന താരമാണ് നെയ്മർ, അദ്ദേഹത്തിന്റെ പ്രകടനം കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. കൂടാതെ സലാഹ്, ഹസാർഡ്, എംബപ്പേ എന്നിവരെയും താൻ ഇഷ്ടപ്പെടുന്നു ” അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു. കെയ്‌ലിൻ എംബാപ്പെയെ കുറിച്ച് കൂടുതൽ സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. തന്നെയും എംബാപ്പെയും താരതമ്യം ചെയ്യുന്നതിനെ പറ്റിയുള്ള അഭിപ്രായവും റൊണാൾഡോ തുറന്നുപറഞ്ഞു. തങ്ങളെ ഇരുവരെയും താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും രണ്ട് പേരും രണ്ട് ജെനറേഷനിലാണ് കളിച്ചത് എന്നത് കൊണ്ട് താരതമ്യത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *