കൊറോണ: ഏഷ്യയിലെ എല്ലാ വേൾഡ്കപ്പ് യോഗ്യതമത്സരങ്ങളും മാറ്റിവെച്ചു
കൊറോണ വ്യാപനം തടയാൻ വേണ്ടി കൂടുതൽ മുൻകരുതലുകളുമായി ഫിഫയും എഎഫ്സിയും. ഏഷ്യയിൽ നടക്കേണ്ട എല്ലാ വേൾഡ് കപ്പ് യോഗ്യതമത്സരങ്ങളും മാറ്റിവെക്കുന്നതായി എഎഫ്സി അറിയിച്ചു. ഫിഫയുടെ നിർദ്ദേശമനുസരിച്ചാണ് എഎഫ്സി ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടത്. ഈ തീരുമാനം 64 മത്സരങ്ങളെയാണ് ബാധിക്കുക. ഈ മാസവും ജൂണിലും നടക്കേണ്ട മത്സരങ്ങളാണ് മാറ്റിവെച്ചിട്ടുള്ളത്. പുതിയ തിയ്യതികൾ പിന്നീട് എഎഫ്സി അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
#AsianQualifiers matches originally scheduled for 23-31 March 2020 and 1-9 June 2020 are postponed to later dates.https://t.co/lYsOJy8L8l
— AFC (@theafcdotcom) March 9, 2020
ഈ മാസം 23 മുതൽ 31 വരെയുള്ളതും ജൂൺ ഒന്ന് മുതൽ ഒൻപത് വരെയുള്ളതുമായ മത്സരങ്ങളാണ് ഇപ്പോൾ മാറ്റിവെച്ചിട്ടുള്ളത്.ഇതോടെ ഈ മാസം നടക്കേണ്ടിയിരുന്ന ഇന്ത്യ- ഖത്തർ മത്സരവും നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ലോകത്താകമാനം കൊറോണ വ്യാപിക്കുന്ന പശ്ചാതലത്തിലാണ് ഫിഫ ഈ നടപടി കൈകൊണ്ടത്. നിലവിൽ ആതിഥേയരാജ്യമായ ഖത്തറാണ് വേൾഡ് കപ്പ് യോഗ്യത ഉറപ്പിച്ചിട്ടുള്ളത്. സിറിയ, ഓസ്ട്രേലിയ, ഇറാഖ്, ഉസ്‌ബെക്കിസ്ഥാൻ, ജപ്പാൻ, വിയറ്റ്നാം, തുർക്മെനിസ്ഥാൻ എന്നിവരെല്ലാം ഗ്രൂപ്പുകളിൽ ഒന്നാമതാണ്.