അന്ന് മെസ്സി, ഇന്ന് നെയ്മർ : ആൽവരോ ഗോൺസാലസ് വില്ലനോ?

ഒളിംപിക് മാഴ്സേയുടെ സ്പാനിഷ് ഡിഫൻ്റർ ആൽവരോ ഗോൺസാലസിനെതിരെ നെയ്മർ ജൂനിയർ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ലീഗ് വണ്ണിലെ PSG vs മാഴ്സെ മത്സരത്തിനിടെ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് ബ്രസീലിയൻ സൂപ്പർ താരം പറയുന്നത്. എന്നാൽ വംശീയ അധിക്ഷേപം നടന്നിട്ടില്ലെന്നും നെയ്മറും സംഘവും തോൽവി അംഗീകരിക്കാൻ പഠിക്കണം എന്നുമായിരുന്നു ആൽവരോ ഗോൺസാലസിൻ്റെ മറുപടി. തൻ്റേത് ഒരു ക്ലീൻ കരിയറാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ 2016ൽ എസ്പാന്യോളിലായിരുന്ന സമയത്ത് ആൽവരോ ഗോൺസാലസ് മെസ്സിയെ അധിക്ഷേപിച്ചതിൻ്റെ ചിത്രങ്ങളും വാർത്തകളും നിരത്തി അദ്ദേഹത്തിനെതിരെ പ്രതികരണം നടത്തുകയാണ് ഇപ്പോൾ ഒരു വിഭാഗം ഫുട്ബോൾ ആരാധകർ. എതിരാളികളെ അധിക്ഷേപിക്കുന്നത് ഗോൺസാലസ് മുമ്പും ചെയ്തിട്ടുണ്ട് എന്നാണ് അവരുടെ വാദം.

2016ലെ കോപ്പ ഡെൽറേയുടെ റൗണ്ട് ഓഫ് 16ൽ നടന്ന FC ബാഴ്സലോണ vs എസ്പാന്യോൾ മത്സരത്തിനിടക്കാണ് ആൽവരോ ഗോൺസാലസ് മെസ്സിയെ കുള്ളൻ എന്ന് വിളിച്ച് അധിക്ഷേപിച്ചത്. അന്ന് അത് വലിയ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് ഒരു അഭിമുഖത്തിൽ ഗോൺസാലസ് പറഞ്ഞത് അത് വെറും തമാശയായിരുന്നു എന്നാണ്. താൻ മെസ്സിയോട് നിങ്ങൾ ഉയരം കുറഞ്ഞവനാണെന്ന് പറഞ്ഞെന്നും മെസ്സി മറുപടിയായി നിങ്ങൾ ഫുട്ബോളിൽ വളരെ മോശമാണെന്ന് തിരിച്ചടിച്ചെന്നും പറഞ്ഞ ഗോൺസാലസ് താനും മെസ്സിയും അന്ന് ചിരിച്ചുകൊണ്ടാണ് പിരിഞ്ഞതെന്നും കൂട്ടിച്ചേർത്തു. ഏതായാലും ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഭവങ്ങളിൽ ലീഗ് വൺ അധികൃതർ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്മർ ഉയർത്തിയ ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ ഗോൺസാലസിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ തന്നെയാവും.

Leave a Reply

Your email address will not be published. Required fields are marked *