എംബാപ്പെയെ സൈൻ ചെയ്യാൻ ബാഴ്‌സക്ക്‌ സുവർണ്ണാവസരം ലഭിച്ചു, അത് നിരസിക്കാനുള്ള വിചിത്രമായ കാരണം വെളിപ്പെടുത്തി മുൻ ഡയറക്ടർ !

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരമായിരുന്ന നെയ്മർ ജൂനിയർ ക്ലബ് വിട്ട ശേഷം താരത്തിന്റെ പകരക്കാരനെ അന്വേഷിച്ചു നടക്കുകയായിരുന്നു ക്ലബ്. അന്ന് രണ്ട് പേരായിരുന്നു ബാഴ്‌സയുടെ മുമ്പിൽ ഉണ്ടായിരുന്നത്. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെയും ഉസ്മാൻ ഡെംബലെയും. എംബാപ്പെയെ സ്വന്തമാക്കാൻ സുവർണ്ണാവസരമുണ്ടായിട്ടും അന്ന് ബാഴ്സ സ്വന്തമാക്കിയത് ഡെംബലെയെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാഴ്സയുടെ മുൻ സ്പോർട്ടിങ് ഡയറക്ടർ ഹവിയർ ബോർഡസ്. കഴിഞ്ഞ ദിവസം മുണ്ടോ ഡിപോർട്ടിവോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില ബോർഡ് അംഗങ്ങളാണ് ഇതിന് തടസ്സം നിന്നതെന്നും അവർ പിന്നീട് ഡെംബലെയെ സൈൻ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു എന്നുമാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.ബാഴ്സയിലേക്ക് ചേക്കേറുന്നതിനോട് എംബാപ്പെയുടെ പിതാവിനും യോജിപ്പുണ്ടായിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി.എംബാപ്പെ സ്വന്തം നേട്ടത്തിന് വേണ്ടി കളിക്കുന്ന ആളാണ് എന്ന കാരണത്താലാണ് ബോർഡ് അംഗങ്ങൾ അത് കളഞ്ഞു കുളിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

” ഞങ്ങൾ ഡെംബലെയെ സൈൻ ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന സമയത്ത് ഏജന്റ് ജോസഫ് മരിയ മിങ്കേല എന്നെ വിളിച്ചിട്ട് പറഞ്ഞു. എംബാപ്പെയെ ലഭ്യമാണെന്ന്. ഞാൻ ഇക്കാര്യം ജോസെഫ് മരിയ ബർതോമ്യുവുമായി സംസാരിച്ചിരുന്നു. അന്ന് അദ്ദേഹം എന്നോട് അതിനെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞു. അന്ന് എംബാപ്പെയെ നൂറ് മില്യൺ യൂറോക്ക്‌ ലഭിക്കുമായിരുന്നു. റോബെർട്ട് ഫെർണാണ്ടസും പെപ് സെഗുറയും ഇതിനെ നിരസിച്ചു. അവർ ഡെംബലെക്കാണ് പരിഗണന നൽകിയത്. അതിനവർ കാരണം പറഞ്ഞത് ഇങ്ങനെയാണ്. എംബാപ്പെ അവന് വേണ്ടിയാണ് കളിക്കുന്നത്. ഡെംബലെയാവട്ടെ ടീമിന് വേണ്ടിയും. തുടർന്ന് നെയ്മർ ക്ലബ് വിട്ട ശേഷം അവർ ഡെംബലെയെ തന്നെ സൈൻ ചെയ്തു ” ബോർഡസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *