മെസ്സിയും നെയ്മറും അടുത്ത വർഷം ഒരുമിച്ചേക്കും? സൂചനകളുമായി നെയ്മർ !

ഫുട്ബോൾ ലോകത്തെ ഏറ്റവും വിനാശകാരികളായ ത്രയമായിരുന്നു മെസ്സി-സുവാരസ്-നെയ്മർ ത്രയം. ഇതിൽ തന്നെ മെസ്സിയും നെയ്മറും ഉറ്റസുഹൃത്തുക്കളുമായിരുന്നു. എന്നാൽ 2017-ൽ നെയ്മർ പിഎസ്ജിയിലേക്ക് വന്നതോടെ കളിക്കളത്തിൽ ആ ബന്ധം പിരിഞ്ഞു. എന്നാൽ ആ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചേക്കുമെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നെയ്മർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ വിജയശില്പിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് നെയ്മർ ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം മെസ്സിക്കൊപ്പം വീണ്ടും കളിക്കണമെന്നാണെന്നും അടുത്ത വർഷം ഉറപ്പായും അതിന് സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നുമാണ് നെയ്മർ വെളിപ്പെടുത്തിയത്. ഇതോടെ ഫുട്ബോൾ ലോകത്ത് നിറവധി അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങി. മെസ്സി ബാഴ്സ വിട്ടു പിഎസ്ജിയിലേക്ക് പോവുമോ അതോ നെയ്മർ പിഎസ്ജി വിട്ട് ബാഴ്സയിലേക്ക് തന്നെ തിരികെ വരുമോ എന്നാണ് ഇപ്പോഴത്തെ പ്രധാനചർച്ചാവിഷയം.

” എനിക്ക് മെസ്സിക്കൊപ്പം ഒരിക്കൽ കൂടി കളിക്കണം. ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യമാണത്. ഒരിക്കൽ കൂടി അദ്ദേഹത്തിനോടൊപ്പം കളിക്കളത്തിൽ ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അടുത്ത വർഷം ഉറപ്പായും അതിന് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” നെയ്മർ പത്രസമ്മേളനത്തിൽ പറഞ്ഞു. 2013-ലായിരുന്നു നെയ്മർ ബാഴ്സയിൽ എത്തിയിരുന്നത്. തുടർന്ന് ഒരു ചാമ്പ്യൻസ് ലീഗ്, രണ്ട് ലാലിഗ, മൂന്ന് കോപ്പ ഡെൽ റേ, ഒരു സ്പാനിഷ് സൂപ്പർ കപ്പ്, ഒരു ക്ലബ് വേൾഡ് കപ്പ് എന്നിവ നേടിയതിന് ശേഷം പിഎസ്ജിയിലേക്ക് ചേക്കേറുകയായിരുന്നു. അതേസമയം മെസ്സിയാവട്ടെ ഈ സീസൺ കഴിഞ്ഞാലുടൻ ബാഴ്സ വിട്ടേക്കുമെന്നുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ സീസണിൽ 44 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 27 അസിസ്റ്റുകളും മെസ്സി നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *