ബാഴ്സയിലേക്ക് തിരിച്ചെത്താൻ ശ്രമിച്ചു, പക്ഷെ ക്ലബ് സ്വീകരിച്ചില്ല, വെളിപ്പെടുത്തലുമായി ഡാനി ആൽവെസ്!

എഫ്സി ബാഴ്സലോണയിലേക്ക് താൻ തിരിച്ചെത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ബാഴ്‌സ സ്വീകരിച്ചില്ലെന്നും വെളിപ്പെടുത്തി ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവസ്. കഴിഞ്ഞ ദിവസം ആർഎസി വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ഡാനി ആൽവസ് ഇക്കാര്യം തുറന്നു പറഞ്ഞത്. താൻ അർഹിക്കുന്ന രീതിയിൽ അവർ എന്നെ ട്രീറ്റ് ചെയ്തിരുന്നുവെങ്കിൽ താനിപ്പോഴും ബാഴ്സയിൽ ഉണ്ടാവുമായിരുന്നുവെന്നും ആൽവസ് കൂട്ടിച്ചേർത്തു.ഒരു കാലത്ത് ബാഴ്‌സ കുന്തമുനകളിൽ ഒരാളായിരുന്നു ഡാനി ആൽവസ്. 2008 മുതൽ 2016 വരെ ബാഴ്‌സയിൽ കളിച്ച ആൽവെസ് ബാഴ്സക്ക് വേണ്ടി 391 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ നിന്നായി 21 ഗോളുകളും 101 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ഇരുപത്തി കിരീടങ്ങൾ നേടാൻ ബാഴ്‌സയെ സഹായിച്ച താരമാണ് ആൽവെസ്. പിന്നീട് താരം യുവന്റസിലേക്കും അവിടുന്ന് പിഎസ്ജിയിലേക്കും പിന്നീട് സാവോ പോളോയിലേക്കും ചേക്കേറുകയായിരുന്നു.

” എനിക്ക് ബാഴ്സയിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടായിരുന്നു. ഞാൻ അവരെ സമീപിക്കുകയും ചെയ്തു. കാരണം എന്തെന്നാൽ ഞാൻ യുവന്റസിൽ എത്തിയതിന് ശേഷവും നല്ല രീതിയിൽ ആണ് കളിക്കുന്നത് എന്ന് ഞാൻ ബോധ്യപ്പെടുത്തിയിരുന്നു. എനിക്ക് ബാഴ്‌സയെയും ബാഴ്‌സക്ക് എന്നെയും ആവിശ്യമായിരുന്നു. പക്ഷെ അവർ എന്റെ കാര്യത്തിൽ തെറ്റായ തീരുമാനം എടുത്തു. അവർ എന്നെ സ്വീകരിച്ചില്ല. ഞാൻ അർഹിക്കുന്ന രീതിയിൽ അവർ എന്നെ ട്രീറ്റ്‌ ചെയ്തിരുന്നുവെങ്കിൽ ഇന്ന്, ഇപ്പോഴും ഞാൻ ബാഴ്‌സയിൽ ഉണ്ടാവുമായിരുന്നു. ഞാൻ ഏറെ സ്നേഹിക്കുന്ന ക്ലബാണ് ബാഴ്‌സ ” ഡാനി ആൽവെസ് അഭിമുഖത്തിൽ പറഞ്ഞു. താരത്തിന്റെ കരാർ പുതുക്കാതെ ഫ്രീ ഏജന്റ് ആയി കൊണ്ടായിരുന്നു ആൽവെസ് ബാഴ്‌സ വിട്ടിരുന്നത്. തുടർന്ന് യുവന്റസിൽ ചിലവഴിച്ച ശേഷമാണ് ആൽവെസ് ബാഴ്സയിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നത്. എന്നാൽ ബാഴ്‌സ താരത്തെ സ്വീകരിക്കാതിരിക്കുകയായിരുന്നു. മുപ്പത്തിയേഴുകാരനായ താരത്തിന് യൂറോപ്പിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ടെന്ന് ഈയിടെ വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *