പോർച്ചുഗീസ് സൂപ്പർ താരത്തിന് വേണ്ടി നാല് ക്ലബുകൾ രംഗത്ത്!

ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ പോർച്ചുഗീസ് സൂപ്പർതാരമായ ജോവോ ഫെലിക്സിന് മികച്ച രൂപത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ക്ലബ്ബിലെ കാര്യങ്ങൾ അത്ര നല്ല രൂപത്തിലല്ല പോകുന്നത്.അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിയഗോ സിമയോണിയുമായുള്ള ഫെലിക്സിന്റെ ബന്ധം ഇപ്പോൾ വഷളായിട്ടുണ്ട്. അതുകൊണ്ടുതന്നെ പല മത്സരങ്ങളിലും ഫെലിക്സിന് ബെഞ്ചിൽ ഇരിക്കേണ്ടി വന്നിരുന്നു.

ക്ലബ്ബ് വിടാനുള്ള അനുമതി ഈയിടെ ഫെലിക്സ് തേടുകയും ചെയ്തിരുന്നു. ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ക്ലബ്ബ് വിടാനാണ് ഫെലിക്സ് ആഗ്രഹിക്കുന്നത്. ഈ കാര്യം അത്ലറ്റിക്കോ മാഡ്രിഡിന്റെ ചെയർമാൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.129 മില്യൻ യൂറോക്ക് സ്വന്തമാക്കിയ താരത്തിന് വേണ്ടത്ര മികവ് പുലർത്താൻ കഴിയാതെ പോയതും അത്ലറ്റിക്കോക്ക് ആശങ്ക നൽകിയ ഒരു കാര്യമായിരുന്നു.

ഇപ്പോൾ ഈ പോർച്ചുഗീസ് സൂപ്പർതാരത്തിന് വേണ്ടി നാല് ക്ലബ്ബുകൾ രംഗത്തു വന്നിട്ടുണ്ട്. പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്,ചെൽസി,ആസ്റ്റൻ വില്ല എന്നിവരാണ് ഫെലിക്സിൽ താല്പര്യം അറിയിച്ചിട്ടുള്ളത്. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ താരത്തെ സ്വന്തമാക്കുക എന്നുള്ളത് ഒരു എളുപ്പമുള്ള കാര്യമായിരിക്കില്ല. കാരണം 100 മില്യൻ യൂറോ എങ്കിലും ലഭിക്കണം എന്നാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ നിലപാട്.ക്ലബ്ബുകളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തുക തന്നെയാണ്.പക്ഷെ ഫെലിക്സ് ഉടൻതന്നെ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നത് കൊണ്ട് ഈ തുകയിൽ ഒരുപക്ഷേ മാറ്റം വരുത്താൻ അത്ലറ്റിക്കോ തയ്യാറായേക്കും. ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പ്രധാനപ്പെട്ട ഒരു ചർച്ചാവിഷയമായി കൊണ്ട് ഈ പോർച്ചുഗീസ് സൂപ്പർതാരവും ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *