പിഎസ്ജിയിൽ തുടരുമെന്ന് പ്രഖ്യാപിച്ച് നെയ്മർ, നെഞ്ചിടിപ്പേറിയത് ബാഴ്സ ആരാധകർക്ക്‌ !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഹാട്രിക് നേടിക്കൊണ്ടാണ് നെയ്മർ ജൂനിയർ തന്റെ പ്രതിഭാപാടവം തെളിയിച്ചത്. നിലവിൽ ചാമ്പ്യൻസ് ലീഗിൽ മിന്നും ഫോമിലാണ് നെയ്മർ കളിക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. മത്സരത്തിന് പിന്നാലെ ആരാധകർക്ക്‌ ആശ്വാസമേകുന്ന പ്രസ്താവനയാണ് സൂപ്പർ താരം നടത്തിയത്. താരം പിഎസ്ജി വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നേയില്ല എന്നാണ് മത്സരശേഷം അറിയിച്ചത്. ആർഎംസി സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു താരം. പിഎസ്ജിയിൽ സന്തോഷവാനാണെന്നും കരാർ പുതുക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തുമെന്നും നെയ്മർ കൂട്ടിച്ചേർത്തു.

” ഞാൻ പാരീസിൽ വളരെയധികം സന്തോഷവാനാണ്. ക്ലബ്ബിലും ഞാൻ വളരെയധികം സന്തുഷ്ടനാണ്. സഹതാരങ്ങളോടൊപ്പവും അങ്ങനെ തന്നെ. ക്ലബ് വിടുന്നതിനെ കുറിച്ച് താൻ ആലോചിക്കുന്നേയില്ല. കരാർ പുതുക്കുന്നതിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. നിലവിൽ ക്ലബുമായി നല്ല ബന്ധമാണ് പുലർത്തുന്നത്. നിലവിൽ ഞാൻ സന്തോഷവാനാണ്. ഭാവിയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം ” നെയ്മർ പറഞ്ഞു.

ഇതോടെ നെഞ്ചിടിപ്പേറിയത് ബാഴ്സ ആരാധകർക്കാണ്. പ്രസ്താവനയോടെ നെയ്മർ ബാഴ്സയിലേക്ക് തിരികെയില്ലെന്ന് വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. ഇതിന് മുമ്പ്,മെസ്സിയോടൊപ്പം ഒരിക്കൽ കൂടി കളിക്കാൻ ആഗ്രഹമുണ്ടെന്നും അടുത്ത വർഷം അത്‌ സാധ്യമാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നെയ്മർ പ്രസ്താവിച്ചിരുന്നു.ഇതോടെ ഇരുവരും ഒരുമിക്കണമെങ്കിൽ മുന്നിലുള്ള ഏകവഴി മെസ്സി പിഎസ്ജിയിൽ എത്തുക എന്നുള്ളത് മാത്രമാണ്. അത്‌ സംഭവിക്കുമോ എന്നുള്ളതാണ് ബാഴ്സ ആരാധകരെ ആശങ്കയിലാക്കുന്ന കാര്യം.മാത്രമല്ല മെസ്സിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇതും ആശങ്ക വർധിപ്പിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *