നെയ്മറിന്റെയും പരേഡസിന്റെയും പ്രസ്താവനകൾ, മെസ്സി പിഎസ്ജിയിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തി പ്രാപിക്കുന്നു !

ഒരിക്കൽ കൂടി മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾ ഫുട്ബോൾ ലോകത്ത് സജീവമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പിഎസ്ജി സൂപ്പർ താരം നെയ്മർ ജൂനിയർ പുറപ്പെടുവിച്ച ഒരു പ്രസ്താവനയാണ് ഈ ട്രാൻസ്ഫർ വാർത്തകളെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നത്. മെസ്സിയോടൊപ്പം ഒന്നുകൂടെ കളിക്കാൻ ആഗ്രഹമുണ്ടെന്നും അടുത്ത വർഷം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് നെയ്മർ പറഞ്ഞിരുന്നത്. ബാഴ്സയിൽ മെസ്സിയുടെ ഉറ്റസുഹൃത്തായിരുന്ന നെയ്മറുടെ പ്രസ്താവനയോടെ മെസ്സി പിഎസ്ജിയിലേക്കെന്ന വാർത്ത വീണ്ടും തലപൊക്കി. ഇതിന് പിന്നാലെയാണ് മെസ്സിയുടെ അർജന്റൈൻ സഹതാരമായ ലിയാൻഡ്രോ പരേഡസ് സമാനതരത്തിലുള്ള പ്രസ്താവനയുമായി രംഗത്ത് വന്നത്. മെസ്സി പിഎസ്ജിയിലേക്കെത്താൻ ഇവിടെയുള്ള എല്ലാവരും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തെ ഇരുകയ്യും നീട്ടി ഞങ്ങൾ സ്വാഗതം ചെയ്യുന്നു എന്നുമാണ് പരേഡസ് പറഞ്ഞത്. ഇതോടെ മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറാൻ സാധ്യതകൾ ഏറുന്നുവെന്ന് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോ അടക്കമുള്ളവർ റിപ്പോർട്ട്‌ ചെയ്തു കഴിഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയാണ് മെസ്സിക്ക് വേണ്ടി ശക്തമായി രംഗത്തുള്ളതെങ്കിലും പിഎസ്ജിക്കും താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുണ്ട് എന്നുള്ളത് കഴിഞ്ഞ സമ്മറിൽ തന്നെ വ്യക്തമായതാണ്. പ്രസിഡന്റ്‌ നാസർ അൽ ഖലീഫി മെസ്സിയെ ടീമിൽ എത്തിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. സാമ്പത്തികമായി മെസ്സി താങ്ങാനുള്ള ശേഷി പിഎസ്ജിക്കുണ്ട്. മാത്രമല്ല മെസ്സിയെ കൺവിൻസ്‌ ചെയ്യിക്കുന്ന ഒരു സ്‌ക്വാഡും പിഎസ്ജിക്കുണ്ട്. മെസ്സിയുടെ സുഹൃത്തായ നെയ്മർ, സൂപ്പർ താരം എംബാപ്പെ, ഗോൾകീപ്പർ നവാസ്, അർജന്റൈൻ താരങ്ങളായ ഡിമരിയ, ലിയാൻഡ്രോ പരേഡസ്, മൗറോ ഇകാർഡി എന്നിവരെല്ലാം പിഎസ്ജിയിലുണ്ട്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്താൻ പിഎസ്ജിക്ക്‌ സാധിച്ചിട്ടുണ്ട്. ലീഗ് വൺ ആവട്ടെ പ്രീമിയർ ലീഗിനേക്കാൾ ഫിസിക്കൽ നാച്ചുർ കുറവാണ്. പ്രത്യേകിച്ച് മെസ്സിയെ പ്രായം തളർത്തി തുടങ്ങുന്ന ഈയൊരു അവസരത്തിൽ പ്രീമിയർ ലീഗിനേക്കാൾ ഉത്തമം ലീഗ് വൺ ആയിരിക്കുമെന്ന് മുണ്ടോ ഡിപോർട്ടിവോ കണ്ടെത്തിയിട്ടുണ്ട്. ബാഴ്സയിലെ പ്രശ്നങ്ങൾ മൂലം മെസ്സി ഇതുവരെ അവിടെ കരാർ പുതുക്കിയിട്ടില്ല. ഏതായാലും മെസ്സി പിഎസ്ജിയിലേക്ക് വന്നേക്കുമെന്നുള്ള വാർത്ത ശക്തി പ്രാപിക്കാനുള്ള ഒരേയൊരു കാരണം നെയ്മറുടെ പ്രസ്താവന മാത്രമാണ്. അല്ലാതെ മെസ്സിയുടെ ഭാഗത്തു നിന്നോ ബന്ധപ്പെട്ട ഇതിവൃത്തങ്ങളിൽ നിന്നോ ഇത് സംബന്ധിച്ച ഒരു സൂചനകളും ലഭിച്ചിട്ടില്ല. അതിനാൽ തന്നെ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *