തിയാഗോക്ക്‌ വേണ്ടി ശ്രമിച്ചു,പിഎസ്ജിക്ക്‌ ലഭിച്ചത് സഹോദരനായ റഫീഞ്ഞയെ. വെളിപ്പടുത്തലുമായി പിതാവ് !

ഈ ട്രാൻസ്ഫർ ജാലകത്തിലെ അവസാന ദിവസത്തിലായിരുന്നു ബാഴ്സലോണയുടെ ബ്രസീലിയൻ താരമായ റഫീഞ്ഞ അൽകാൻട്രയെ പിഎസ്ജി സൈൻ ചെയ്തിരുന്നത്. തുടർന്ന് ഈ സീസണിൽ താരം പിഎസ്ജിക്ക്‌ വേണ്ടി കളിച്ചു തുടങ്ങുകയും ചെയ്തു. എന്നാൽ പിഎസ്ജി യഥാർത്ഥത്തിൽ നോട്ടമിട്ടിരുന്നത് റഫീഞ്ഞയുടെ ജേഷ്ഠനായ തിയാഗോ അൽകാൻട്രയെയായിരുന്നു. എന്നാൽ താരം ലിവർപൂളുമായി കരാറിൽ എത്തിയതോടെ പിഎസ്ജി പിൻവലിയുകയായിരുന്നു. തുടർന്ന് തങ്ങളുടെ പദ്ധതികളിൽ ഇല്ലാതിരുന്ന റഫീഞ്ഞ അൽകാൻട്രയെ പിഎസ്ജി സൈൻ ചെയ്തത്. ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിരിക്കുന്നത് ഇരുവരുടെയും പിതാവായ മാസിഞ്ഞോയാണ്. ദിവസങ്ങൾക്ക്‌ മുമ്പ് നൽകിയ ഒരു അഭിമുഖത്തിലാണ് മാസിഞ്ഞോ തന്റെ മക്കളെ കുറിച്ചുള്ള കാര്യങ്ങൾ പങ്കുവെച്ചത്.

” ഞാൻ തിയാഗോയുടെ കാര്യം സംബന്ധിച്ചാണ് പിഎസ്ജി ഡയറക്ടർ ലിയനാർഡോയുമായി സംസാരിച്ചത്. ലിയനാർഡോക്ക്‌ തിയാഗോയെ സൈൻ ചെയ്യാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ തിയാഗോ ലിവർപൂളുമായി കരാറിൽ എത്തിക്കഴിഞ്ഞിരുന്നു. പിന്നീട് ഞങ്ങൾ റഫീഞ്ഞയെ കുറിച്ച് സംസാരിച്ചു. പക്ഷെ അന്ന് റഫീഞ്ഞയുടെ ലിയനാർഡോയുടെ പദ്ധതികളിൽ ഇല്ലായിരുന്നു. പക്ഷെ പിന്നീട് ഞങ്ങൾ സംസാരിച്ചപ്പോൾ അദ്ദേഹം രണ്ടാമതൊന്ന് ചിന്തിക്കുകയും മനസ്സ് മാറ്റുകയും ചെയ്തു. എല്ലാം അവസാനദിവസമാണ് നടന്നത്. രണ്ട് ക്ലബുകളെയും കൺവിൻസ്‌ ചെയ്യാൻ സാധിച്ചത് അവസാനദിവസമായ തിങ്കളാഴ്ച്ചയായിരുന്നു. ഞങ്ങൾ ഭയന്നിരുന്നു. പക്ഷെ ട്രാൻസ്ഫർ ജാലകം അടക്കുന്നതിന്റെ ആറു മണിക്കൂർ മുമ്പ് എല്ലാം ദൈവാനുഗ്രഹത്താൽ നടന്നു. യഥാർത്ഥത്തിൽ ലിയനാർഡോക്ക്‌ തിയാഗോയെ ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷെ റഫീഞ്ഞയെയാണ് ലഭിച്ചത്. റഫീഞ്ഞക്കാവട്ടെ തന്റെ സ്വപ്നക്ലബ്ബിനെ ലഭിക്കുകയും ചെയ്തു ” മാസിഞ്ഞോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *