ടോട്ടൻഹാം സൂപ്പർ താരത്തിന് ക്ലബ് വിടാൻ അനുമതി, റാഞ്ചാനുള്ള ഒരുക്കത്തിൽ പിഎസ്ജി !

ടോട്ടൻഹാമിന്റെ പരിശീലകനായി ഹോസെ മൊറീഞ്ഞോ സ്ഥാനമേറ്റത് ഏറ്റവും കൂടുതൽ തിരിച്ചടിയായ താരം ഡെല്ലേ അലിയാണ്. താരത്തിനെ പലപ്പോഴും മൊറീഞ്ഞോ തഴയുകയായിരുന്നു. പ്രത്യേകിച്ച് ഈ സീസണിൽ അലിക്ക് വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ലഭിച്ചത്. ഇതോടെ താരം ക്ലബ് വിടാൻ ആലോചിച്ചിരുന്നു. ഈ ജനുവരി ട്രാൻസ്ഫറിൽ ക്ലബ് വിടാൻ ടോട്ടൻഹാം താരത്തിന് അനുമതി നൽകുകയും ചെയ്തു. താരത്തെ ലോണിൽ അയക്കാനാണ് ടോട്ടൻഹാം ആലോചിക്കുന്നത്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. ടോട്ടൻഹാം പിഎസ്ജിയുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ സ്പോർട്സ്മെയിൽ ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

ഇരുപത്തിനാലുകാരനായ താരം ഈ പ്രീമിയർ ലീഗിൽ എവെർട്ടണെതിരെ സ്റ്റാർട്ട്‌ ചെയ്ത ശേഷം ഇതുവരെ സ്റ്റാർട്ട്‌ ചെയ്തിട്ടില്ല. മാത്രമല്ല, കഴിഞ്ഞ യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിലും താരത്തെ മൊറീഞ്ഞോ കളത്തിലിറക്കാൻ തയ്യാറായിരുന്നില്ല. മൊറീഞ്ഞോയുടെ പദ്ധതികളിൽ തനിക്ക് സ്ഥാനമില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് അലി ക്ലബ് വിടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് ടീമിൽ ഇടം നേടണമെങ്കിൽ സ്ഥിരമായി കളിക്കേണ്ടത് ആവിശ്യമാണ്. അതിനാൽ തന്നെ അവസരങ്ങൾ ഉറപ്പ് നൽകുന്ന ക്ലബ്ബിലേക്ക് ചേക്കേറാനാണ് ഈ മിഡ്ഫീൽഡർ ഉദ്ദേശിക്കുന്നത്. എന്നാൽ പിഎസ്ജിയുടെ മധ്യനിരയിൽ ഒരുപിടി മികച്ച താരങ്ങൾ ഇപ്പോൾ തന്നെയുണ്ട്. ഇക്കാര്യം താരത്തെ പിന്തിരിപ്പിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. ഏതായാലും മറ്റേതെങ്കിലും ക്ലബ്ബിൽ നിന്ന് ഓഫർ വന്നാൽ അതും അലി പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *