ക്രിസ്റ്റ്യാനോ തിരികെ യൂറോപ്പിലേക്കോ? താരത്തെ ടീമിലെത്തിക്കാൻ പ്രശസ്ത ബിസിനസ്മാൻ.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ് ആയ അൽ നസ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട പറഞ്ഞുകൊണ്ടായിരുന്നു റൊണാൾഡോ സൗദി അറേബ്യയിൽ എത്തിയത്.ഒരു സീസണിൽ 200 മില്യൺ യൂറോ എന്ന റെക്കോർഡ് സാലറിയാണ് നിലവിൽ റൊണാൾഡോ കൈപ്പറ്റുന്നത്.

നേരത്തെ റൊണാൾഡോ ജർമൻ വമ്പൻമാരായ ബയേണിലേക്ക് എത്തിയേക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. പക്ഷേ ഇപ്പോൾ ആ റൂമർ ഒരിക്കൽ കൂടി രംഗത്തേക്ക് വന്നിട്ടുണ്ട്. അതായത് പ്രശസ്ത ബിസിനസ്മാനായ മാർക്കസ് ഷോൺ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യാൻ ബയേണിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് അദ്ദേഹം ഒലിവർ ഖാന് ഒരു സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്.

അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ എത്തിക്കാനുള്ള ട്രാൻസ്ഫർ ഫീ, അതല്ലെങ്കിൽ ലോൺ ഫീ എന്നിവ ക്ലബ്ബിന് താൻ നൽകാം എന്ന വാഗ്ദാനമാണ് ഈ ബിസിനസ്മാൻ ഇപ്പോൾ നടത്തിയിട്ടുള്ളത്.എന്നാൽ തങ്ങളുടെ സാമ്പത്തിക സ്ഥിതി റിസ്ക്കിലാവുകയാണെങ്കിൽ ക്രിസ്റ്റ്യാനോയുടെ ജഴ്സി വിറ്റുകൊണ്ട് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഓഹരി തങ്ങൾക്ക് ലഭിക്കുമെന്നുള്ള പ്രതീക്ഷയും ഇദ്ദേഹം ഈ മെസ്സേജിൽ വ്യക്തമാക്കിയിട്ടുണ്ട്. അതായത് റൊണാൾഡോയെ എത്തിക്കാൻ വേണ്ടി പരമാവധി സാമ്പത്തിക സഹായങ്ങൾ നൽകാമെന്നാണ് ഇദ്ദേഹത്തിന്റെ വാഗ്ദാനം.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് മാർക്കസ് ഷോൺ. അതുകൊണ്ടാണ് അദ്ദേഹം റൊണാൾഡോയെ ബയേണിൽ എത്തിക്കാൻ ആഗ്രഹിക്കുന്നത്. പക്ഷേ റൊണാൾഡോ ക്ലബ്ബിലേക്ക് വരണമെങ്കിൽ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സാലറിയിൽ നിന്നും കുറവ് വരുത്തേണ്ടി വരും. പക്ഷേ ബയേൺ അദ്ദേഹത്തെ സൈൻ ചെയ്യുമോ എന്ന കാര്യം തീർത്തും സംശയകരമാണ്. തങ്ങൾക്ക് അനുയോജ്യമല്ലാത്ത ഒരു താരമാണ് റൊണാൾഡോ എന്നായിരുന്നു നേരത്തെ ബയേൺ അധികൃതർ വ്യക്തമാക്കിയിരുന്നത്. ഏതായാലും ഈ ബിസിനസ്മാന്റെ വാഗ്ദാനം ജർമ്മൻ ക്ലബ്ബ് സ്വീകരിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!