ക്രിസ്റ്റ്യാനോയെ യുവന്റസ് കയ്യൊഴിഞ്ഞേക്കും? ടീമിലെത്തിക്കുമെന്ന സൂചനകളുമായി പിഎസ്ജി !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ വാർത്തകൾ ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്ത് സജീവമാവുകയാണ്. സൂപ്പർ താരത്തെ യുവന്റസ് കയ്യൊഴിയുമെന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസമായി പ്രചരിക്കുന്നത്. ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ മുപ്പത്തിയഞ്ചുകാരനായ താരത്തെ യുവന്റസ് കയ്യൊഴിയുമെന്നാണ് സ്പാനിഷ് മാധ്യമമായ എഎസ് റിപ്പോർട്ട്‌ ചെയ്യുന്നത്. കൂടാതെ നിരവധി പ്രമുഖമാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരുന്നു. താരത്തിനെ സാമ്പത്തികമായി താങ്ങാനുള്ള ശേഷി കുറഞ്ഞു വരുന്നതാണ് യുവന്റസ് താരത്തെ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ഏതായാലും കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലും ഇത്പോലെയുള്ള വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും താരത്തെ നിലനിർത്താൻ യുവന്റസ് തന്നെ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കുമെന്നുള്ള സൂചനകൾ നൽകിയിരിക്കുകയാണ് പിഎസ്ജി. ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

” ഫുട്‍ബോളിൽ ഇന്ന് എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്ക് അറിയാൻ കഴിയാത്ത കാര്യമാണ്. ചിലപ്പോൾ നാളെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണർന്നു കൊണ്ട് എനിക്ക് മറ്റെവിടെയെങ്കിലും കളിക്കണമെന്ന് പറഞ്ഞേക്കാം. ആർക്കാണ് അദ്ദേഹത്തെ വാങ്ങാൻ സാധിക്കുക? ഇതൊരു ക്ലോസ്ഡ് സർക്കിളാണ്. ആ സർക്കിളിനകത്ത്‌ പിഎസ്ജിയും പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് അവസരങ്ങളേയും സാഹചര്യങ്ങളെയും സംബന്ധിച്ചാണ്.ട്രാൻസ്ഫർ വിൻഡോയിൽ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് ഞങ്ങൾ തയ്യാറായി കൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക്‌ ഞങ്ങളുടേതായ മുൻഗണനകളുണ്ട്. ഞങ്ങൾക്ക്‌ ലിസ്റ്റുണ്ട്. പക്ഷെ എന്ത് വേണമെങ്കിലും സംഭവിക്കാം ” ലിയനാർഡോ പറഞ്ഞു. കഴിഞ്ഞ. സമ്മറിലും പിഎസ്ജിയെ ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെടുത്തി വാർത്തകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *