ഇത് മെസ്സിയുടെ ബാഴ്സയിലെ അവസാനസീസണാവുമെന്ന് താൻ ഭയപ്പെടുന്നതായി മുൻ ബ്രസീലിയൻ ഇതിഹാസതാരം !

ഈ സീസൺ മെസ്സിയുടെ ബാഴ്സയുടെ അവസാനസീസണാവുമെന്ന് താൻ ഭയപ്പെടുന്നതായി മുൻ ബാഴ്സ-ബ്രസീലിയൻ ഇതിഹാസതാരം റിവാൾഡോ. കഴിഞ്ഞ ദിവസം ബെറ്റ്ഫെയറിന് വേണ്ടി എഴുതിയ കോളത്തിലാണ് ഇദ്ദേഹം മെസ്സിയുടെ ഭാവിയെ പറ്റി ആശങ്ക പ്രകടിപ്പിച്ചത്. നിലവിലെ അവസ്ഥയിൽ മെസ്സിയെ കൺവിൻസ്‌ ചെയ്ത് ബാഴ്സയിൽ പിടിച്ചു നിർത്തുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. മെസ്സി ബാഴ്‌സ വിട്ട് സിറ്റിയിലേക്ക് ചേക്കേറിയെക്കുമെന്നുള്ള വാർത്തകൾ വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്. പെപ് ഗ്വാർഡിയോള സിറ്റിയുമായി കരാർ പുതുക്കിയതോടെ പുതിയ ബോർഡ് വന്നാലും അദ്ദേഹത്തെ പരിശീലകനായി എത്തിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി. ഇതോടെ മെസ്സി പെപിന്റെ അടുത്തേക്ക് ചേക്കേറാനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ് ചെയ്തത്.

” നിലവിൽ ബാഴ്സ ബോർഡ് സാലറി കട്ട്‌ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. എന്നാലിത് മെസ്സി ബാഴ്‌സയിൽ തന്നെ തുടരാനുള്ള സാധ്യത കുറക്കുകയാണ് ചെയ്തത്. സാലറി കുറച്ചു കൊണ്ട് കരാർ പുതുക്കാൻ മെസ്സി തയ്യാറാവുമെന്ന് തോന്നുന്നില്ല. മെസ്സിക്ക് മികച്ച ഓഫറുകൾ പല ക്ലബുകളിൽ നിന്നും വരുന്നുണ്ട് എന്നോർക്കണം. കഴിഞ്ഞ സീസണിന്റെ അവസാനം തന്നെ മെസ്സി ക്ലബ് വിടാൻ ശ്രമിച്ചതാണ്. മെസ്സിയെ എങ്ങനെ കൺവിൻസ്‌ ചെയ്തു ബാഴ്‌സയിൽ തന്നെ തുടരിപ്പിക്കും എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്. എന്റെ അഭിപ്രായത്തിൽ കൂമാന്റെ കീഴിൽ മനോഹരമായ ഫുട്ബോൾ കളിച്ച്, ചാമ്പ്യൻസ് ലീഗോ ലാലിഗയൊ നേടിയാൽ ഒരുപക്ഷെ മെസ്സി തൃപ്തനായെക്കും. അപ്പോൾ മെസ്സി തീരുമാനം പുനർചിന്തിച്ചേക്കും. എന്നാൽ ഇത് മെസ്സിയുടെ ബാഴ്സയിലെ അവസാനസീസണാവുമെന്ന് ഞാൻ ഭയപ്പെടുന്നു ” റിവാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *