എംബപ്പേ,ഹാലന്റ് എന്നിവരുടെ ലെവലിലുള്ള താരമാണ് ഞാനും:ലൗറ്ററോ മാർട്ടിനസ്
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഇന്റർ മിലാന് വേണ്ടി അർജന്റൈൻ സൂപ്പർതാരമായ ലൗറ്ററോ മാർട്ടിനസ് പുറത്തെടുത്തിട്ടുള്ളത്.ഇന്റർ മിലാന് ഒരിക്കൽ കൂടി സിരി എ നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇറ്റാലിയൻ ലീഗിൽ മാത്രമായി 24 ഗോളുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ലീഗിലെ ടോപ്പ് സ്കോറർ പട്ടം അദ്ദേഹം ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാമതുള്ള വ്ലഹോവിച്ച് ഇദ്ദേഹത്തെക്കാൾ എട്ട് ഗോളിന് പുറകിലാണ്.
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ലൗറ്ററോ.എന്നാൽ എംബപ്പേ,ഹാലന്റ് എന്നിവർക്ക് ലഭിക്കുന്ന ഒരു ഹൈപ്പ് താരത്തിന് ലഭിക്കാറില്ല. ഇതേക്കുറിച്ച് ലൗറ്ററോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.എംബപ്പേ,ഹാലന്റ് എന്നിവരുടെ അതേ ലെവലിൽ ഉള്ള താരമാണ് താൻ എന്നാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്.കണക്കുകൾ അത് തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലൗറ്ററോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Lautaro Martínez celebrating the league title with his family. 🏆 pic.twitter.com/s3IbCAu0Vj
— Roy Nemer (@RoyNemer) May 19, 2024
“തീർച്ചയായും എംബപ്പേ,ഹാലന്റ്,ലെവന്റോസ്ക്കി,കെയ്ൻ തുടങ്ങിയ താരങ്ങളുടെ അതേ ലെവലിൽ ഉള്ള താരമാണ് ഞാൻ.എനിക്ക് അസൂയപ്പെടാൻ ഒന്നുമില്ല. എന്റെ കണക്കുകളും കിരീടങ്ങളും അത് തെളിയിക്കുന്നുണ്ട്. ഇതിലെ ചില താരങ്ങൾ എന്നെക്കാൾ കുറവ് മാത്രമാണ് നേടിയിട്ടുള്ളത്. കൂടുതൽ ഉത്തരവാദിത്വത്തോട് കൂടി ഞാൻ ഇനിയും തുടരേണ്ടതുണ്ട്.അതാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചു തന്നിട്ടുള്ളത്. പക്ഷേ ഞാൻ പറഞ്ഞ ഈ താരങ്ങളോടൊപ്പം ഒരേ ടേബിളിൽ ഇരിക്കാൻ യോഗ്യതയുള്ള താരം തന്നെയാണ് ഞാൻ ” ഇതാണ് ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിട്ടുള്ളത്.
മികച്ച പ്രകടനം ലൗറ്ററോ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. ഇനി അദ്ദേഹത്തിന്റെ മുൻപിലുള്ള പ്രധാനപ്പെട്ട ലക്ഷ്യം വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ആണ്. അർജന്റീനയുടെ പ്രധാന സ്ട്രൈക്കർ ആയിക്കൊണ്ട് ഇദ്ദേഹം തന്നെയായിരിക്കും ഉണ്ടാവുക. പരിക്ക് കാരണം കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ തുടങ്ങാൻ ലൗറ്ററോക്ക് സാധിച്ചിരുന്നില്ല.