വിശ്വരൂപം പൂണ്ട് ക്രിസ്റ്റ്യാനോയും ദിബാലയും, ലാസിയോയും കടന്നു യുവന്റസ് മുന്നോട്ട്

സിരി എയിൽ ഇന്നലെ നടന്ന മുപ്പത്തിനാലാം റൗണ്ട് പോരാട്ടത്തിൽ നിർണായകമായ വിജയം നേടി യുവന്റസ്. കരുത്തരായ ലാസിയോയെയാണ് ക്രിസ്റ്റ്യാനോയും സംഘവും മറികടന്നത്. സ്വന്തം മൈതാനത്തു വെച്ച് നടന്ന മത്സരത്തിൽ 2-1 എന്ന സ്കോറിനാണ് യുവന്റസ് വിജയക്കൊടി നാട്ടിയത്. ഇരട്ടഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് വിജയശില്പി. രണ്ടാം ഗോളിന് വഴിവെച്ച് കൊണ്ട് ദിബാലയും വിജയത്തിൽ നിർണായകപങ്കു വഹിച്ചു. കഴിഞ്ഞ മൂന്ന് മത്സരത്തിൽ വിജയിക്കാനാവാതെ പോയ യുവന്റസിന് ലാസിയോ നല്ല വെല്ലുവിളി തന്നെയാണ് ഉയർത്തിയത്. എന്നിരുന്നാലും ജയം നേടിയ യുവന്റസ് ഒന്നാം സ്ഥാനം ഏറെക്കുറെ ഭദ്രമാക്കി. നിലവിൽ 34 മത്സരങ്ങളിൽ നിന്ന് 80 പോയിന്റാണ് യുവന്റസിന്റെ പക്കലുള്ളത്. അതേസമയം രണ്ടാം സ്ഥാനക്കാരായ ഇന്റർ മിലാൻ എട്ട് പോയിന്റുകൾക്ക് പിറകിലാണ്. തോൽവിയോടെ ലാസിയോ നാലാം സ്ഥാനത്ത് തന്നെ തുടരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ-ദിബാല – കോസ്റ്റ എന്നിവരെ മുൻനിർത്തിയാണ് യുവന്റസ് ആക്രമണം മെനഞ്ഞത്.ആദ്യപകുതിയിൽ ഇരുടീമുകളും ആക്രമണം കടുപ്പിച്ചെങ്കിലും ഗോളുകളൊന്നും പിറന്നില്ല. അലക്സ് സാൻഡ്രോയുടെ ഒരു ഹെഡർ പോസ്റ്റിലിടിച്ചു പുറത്തേക്ക് പോവുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആദ്യഗോൾ പിറന്നു. ബോക്സിനകത്ത് വെച്ച് ബോൾ ലാസിയോ താരത്തിന്റെ കയ്യിൽ തട്ടിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ ലക്ഷ്യത്തിലെത്തിച്ചു. മൂന്നു മിനുട്ടുകൾക്ക് ശേഷം ക്രിസ്റ്റ്യാനോ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ദിബാലയായിരുന്നു താരം. മൈതാനമധ്യത്തിൽ നിന്ന് പന്തുമായി മുന്നേറിയ ദിബാല ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വെച്ച് നീട്ടുകയായിരുന്നു. റൊണാൾഡോക്ക് കാൽവെക്കേണ്ട താമസം മാത്രമേ ഉണ്ടായിരുന്നൊള്ളു. രണ്ട് ഗോളിന്റെ ലീഡ് നേടിയെങ്കിലും ലാസിയോ ഭീഷണി ഉയർത്തി കൊണ്ടിരുന്നു. 83-ആം മിനുട്ടിൽ ബൊനൂച്ചി വഴങ്ങിയ ഫൗളിലൂടെ ലഭിച്ചു പെനാൽറ്റി ഇമ്മൊബിലെ ലക്ഷ്യം കണ്ടു. പിന്നീട് ഗോൾ എന്ന് തോന്നിച്ച ഫ്രീക്കിക് ലാസിയോയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഗോൾകീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *