ഗോളടിച്ച് ലുക്കാക്കുവും എറിക്സണും, സ്പാനിഷ് വെല്ലുവിളി അതിജീവിച്ച് ഇന്റർ ക്വാർട്ടറിൽ !

യുവേഫ യൂറോപ്പ ലീഗിൽ ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ ഇന്റർമിലാന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്പാനിഷ് ക്ലബായ ഗെറ്റാഫെയെ ഇന്റർ മറികടന്നത്. ആദ്യപാദത്തിൽ ഇരുക്ലബുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനാൽ ഇന്നലത്തെ രണ്ടാം പാദം ഇരുടീമുകൾക്കും ഒരുപോലെ നിർണായകമായിരുന്നു. എന്നാൽ ലുക്കാക്കുവിന്റേയും എറിക്സണിന്റെയും ഗോളുകൾ ഇന്ററിന് ക്വാർട്ടറിലേക്കുള്ള വഴി കാണിക്കുകയായിരുന്നു.മത്സരത്തിലേക്ക് മടങ്ങി വരാനുള്ള സുവർണാവസരമായിരുന്ന പെനാൽറ്റി തുലച്ചതും ഗെറ്റാഫെക്ക് തിരിച്ചടിയായി.

ലൗറ്ററോ മാർട്ടിനെസ്, റൊമേലു ലുക്കാക്കു എന്നിവരെ മുന്നിൽ അണിനിരത്തിയാണ് ഇന്റർമിലാൻ ഫസ്റ്റ് ഇലവൻ പുറത്ത് വിട്ടത്. 33-ആം മിനുട്ടിലാണ് മനോഹരമായ ഫിനിഷിംഗിലൂടെ ലുക്കാക്കു ആദ്യഗോൾ കണ്ടെത്തിയത്. ഇന്ററിന്റെ ഹാഫിൽ നിന്നും ബസ്റ്റോണി ഉയർത്തി നൽകിയ പന്ത് പിടിച്ചെടുത്ത ലുക്കാക്കു ഒരു ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. 76-ആം മിനിറ്റിൽ സമനില ഗോളിനുള്ള അവസരം ഗെറ്റാഫെക്ക് ലഭിച്ചുവെങ്കിലും അത് പാഴാക്കുകയായിരുന്നു. തങ്ങൾക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മൊളിന പുറത്തേക്കടിച്ചു കളയുകയായിരുന്നു. 83-ആം മിനുട്ടിൽ എറിക്സൺ ഗോൾ നേടികൊണ്ട് ഗോൾ പട്ടിക പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *