ക്രിസ്റ്റ്യാനോക്ക്‌ നാല്പത് വയസ്സായാൽ പോലും ഈ ഗോളടി മികവ് തുടരാൻ സാധിക്കും, മുൻ ഇറ്റാലിയൻ താരം പറയുന്നു !

മുപ്പത്തിയഞ്ചാം വയസ്സിലും തന്റെ ഗോളടി മികവ് തുടർന്ന് ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവന്റസിന് വേണ്ടി ഡൈനാമോ കീവിനെതിരെയുള്ള മത്സരത്തിൽ ഗോൾ നേടിയതോട് കൂടി തന്റെ കരിയറിൽ 750 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക്‌ സാധിച്ചിരുന്നു.എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ നിരയിലേക്കാണ് ക്രിസ്റ്റ്യാനോ ഈ നേട്ടത്തോടെ നടന്നു കയറിയത്.

ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇറ്റാലിയൻ താരം അന്റോണിയോ ഡി നടാലെ. ക്രിസ്റ്റ്യാനോക്ക്‌ നാല്പത് വയസ്സ് ആയാൽ പോലും സിരി എയിൽ ഈ ഗോളടി തുടരാൻ കഴിയുമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മാർക്കക്ക്‌ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. മുപ്പത് വയസ്സിന് ശേഷം സിരി എയിൽ വന്നു ഗോളടിച്ചു കൂട്ടിയ താരമാണ് അന്റോണിയോ. 162 ഗോളുകളാണ് മുപ്പത് വയസ്സിന് ശേഷം അന്റോണിയോ നേടിയിട്ടുള്ളത്.

” മറ്റാരേക്കാളും കൂടുതൽ ഗോളുകൾ നേടാൻ ക്രിസ്റ്റ്യാനോക്കും മെസ്സിക്കും സാധ്യമാവും. പ്രീമിയർ ലീഗിലും ലാലിഗയിലും താൻ എന്ത് ചെയ്തുവോ അതിവിടെയും തുടരാൻ തനിക്കാവുമെന്ന് ക്രിസ്റ്റ്യാനോ തെളിയിച്ചു കഴിഞ്ഞു. ഓരോ സീസണിലും 30-35 ഗോളുകൾ നേടാൻ കഴിയുമെന്ന് ക്രിസ്റ്റ്യാനോ തെളിയിച്ചിട്ടുണ്ട്. അദ്ദേഹം കഠിനമായി പരിശീലനം ചെയ്യുന്നു. പുരോഗതി കൈവരിക്കുന്നു. വിത്യസ്‌തകൾ സൃഷ്ടിക്കുന്നു. അദ്ദേഹത്തിന് നാല്പത് വയസ്സായാൽ പോലും അദ്ദേഹം ഈ ഗോളടി മികവ് തുടരും ” അന്റോണിയോ പറഞ്ഞു.

സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ പുകഴ്ത്താനും ഇദ്ദേഹം മറന്നില്ല. ” അദ്ദേഹം വലിയൊരു ചാമ്പ്യനാണ്. എസി മിലാന് വളരെ പ്രധാനപ്പെട്ട താരമാണ്. അദ്ദേഹം എല്ലാം കീഴടക്കി കൊണ്ടിരിക്കുകയാണ്. പ്രായം ഒരു വിഷയമല്ല. അദ്ദേഹത്തിന്റെ മെന്റാലിറ്റിയും ഫിസിക്കലുമാണ് ഇതിന് കാരണം. ഞാൻ 38-ആം വയസ്സിൽ കളിക്കുമ്പോൾ എനിക്ക് 28-ആം വയസ്സിൽ കളിക്കുന്ന പോലെയാണ് അനുഭവപ്പെട്ടത്. മാനസികകരുത്താണ് വിത്യസ്‌തകൾ സൃഷ്ടിക്കുന്നത് ” അന്റോണിയോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *