കാഗ്ലിയാരിയോട് നാണംകെട്ട തോൽവി വഴങ്ങി റൊണാൾഡോയും കൂട്ടരും
സിരി എയിൽ ഇന്നലെ നടന്ന മുപ്പത്തിയേഴാം റൗണ്ട് പോരാട്ടത്തിൽ റൊണാൾഡോക്കും സംഘത്തിനും നാണംകെട്ട തോൽവി. ചാമ്പ്യൻമാർ എന്ന തലയെടുപ്പോടെ കളത്തിലിറങ്ങിയ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കാഗ്ലിയാരിയോട് ദയനീയ തോൽവി വഴങ്ങിയത്. സൂപ്പർ താരം റൊണാൾഡോ അടക്കമുള്ള വമ്പൻ നിര തന്നെ അണിനിരന്നിട്ടും ഒരു ഗോൾ പോലും നേടാൻ ഓൾഡ് ലേഡീസിന് കഴിയാതെ പോവുകയായിരുന്നു. അതേസമയം മിന്നും താരം പൌലോ ദിബാലയുടെ അഭാവം യുവന്റസിന് തിരിച്ചടിയാവുകയായിരുന്നു. ഈയിടെയായി മോശം പ്രകടനം നടത്തുന്ന യുവന്റസിന്റെ ഈ തോൽവി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. ആദ്യപകുതിയിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങി യുവന്റസ് തോൽവി സമ്മതിച്ചിരുന്നു.
പരിക്കേറ്റ പൌലോ ദിബാലക്ക് പകരം നാട്ടുകാരനായ ഗോൺസാലോ ഹിഗ്വയ്ൻ ആയിരുന്നു ആദ്യഇലവനിൽ സ്ഥാനം പിടിച്ചത്. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ കാഗ്ലിയാരി ആദ്യഗോൾ നേടി. ഒരു ടീം വർക്കിനൊടുവിൽ കാഗ്ലിയാരി താരം ലൂക്ക ഗാഗ്ലിയാനോ ഗോൾ നേടുമ്പോൾ യുവന്റസ് ഡിഫൻസ് നോക്കിയിരിക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കാഗ്ലിയാരി രണ്ടാം ഗോളും നേടി. ജിയോവാനി സിമിയോണിയായിരുന്നു ഗോളിന്റെ ഉടമ. ബോക്സിന് തൊട്ടുവെളിയിൽ നിന്നുള്ള താരത്തിന്റെ ഷോട്ട് ഗോളാവുകയായിരുന്നു. ഇതോടെ രണ്ടാം സ്ഥാനക്കാരുമായുള്ള അകലം നാലായി കുറഞ്ഞു. യുവന്റസിന് 83 പോയിന്റും ഇന്റർമിലാന് 79 പോയിന്റുമാണുള്ളത്.
FT | Triplice fischio a Cagliari.#CagliariJuve pic.twitter.com/5YsDVKAjv7
— JuventusFC (#Stron9er 🏆🏆🏆🏆🏆🏆🏆🏆🏆) (@juventusfc) July 29, 2020