ഹാവെർട്സിന് വേണ്ടി ആറു താരങ്ങളെ വിൽക്കാനൊരുങ്ങി ചെൽസി

ബയേർ ലെവർകൂസന്റെ യുവസൂപ്പർ താരം കായ്‌ ഹാവെർട്സിന് വേണ്ടി പണം കണ്ടെത്താൻ ചെൽസി ആറു താരങ്ങളെ കൈവിടാനൊരുങ്ങുന്നു. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. തൊണ്ണൂറ് മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ലെവർകൂസൻ ആവിശ്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ ടീമിൽ ഇടം ലഭിക്കാത്ത താരങ്ങളെ മറ്റു ക്ലബുകൾക്ക് കൈമാറാനാണ് ലംപാർഡിന്റെ പദ്ധതി. മാർക്കോസ് അലോൺസോ, മിക്കി ബാറ്റ്ഷുവായി, ഡാനി ഡ്രിങ്ക്വാട്ടർ, ടിമോ ബകയോകു, കെനഡി, എമേഴ്‌സൺ പാൽമീരി എന്നീ താരങ്ങളെയാണ് ചെൽസി ഈ സമ്മർ ട്രാൻസ്ഫറിൽ വിൽക്കാൻ ആലോചിക്കുന്നത്. ഇതിൽ ചില താരങ്ങൾ മറ്റു ക്ലബുകളിൽ ലോണിലും ചില താരങ്ങൾ ചെൽസിക്കൊപ്പവുമാണ്. ലോണിൽ ഉള്ള താരങ്ങളെ അവിടെ സ്ഥിരപ്പെടുത്താനും മറ്റു താരങ്ങളെ വിൽക്കാനാണ് ചെൽസിയുടെ ഉദ്ദേശ്യം.

നിലവിൽ രണ്ട് മികച്ച സൈനിംഗുകൾ ചെൽസി നടത്തി കഴിഞ്ഞു. അയാക്സിന്റെ ഹാകിം സിയെച്ചും ലെയ്പ്സിഗിന്റെ ടിമോ വെർണറും അടുത്ത സീസണിൽ ബ്ലൂസിനായി പന്തുതട്ടും. ഇനി ഹാവെർട്സ് കൂടി വന്നാൽ ടീം ശക്തിപ്പെടും എന്ന കണക്കുകൂട്ടലിലാണ് അധികൃതർ. ഇതിനാൽ തന്നെ താരത്തെ ടീമിൽ എത്തിക്കാനുള്ള കഠിനമായ ശ്രമത്തിന്റെ ഭാഗമായാണ് ഇവരെ വിൽക്കുന്നത്. എമേഴ്‌സൺ, അലോൺസോ, ബാറ്റ്ഷുവായി എന്നിവർ ചെൽസിക്കൊപ്പമാണ്. എമേഴ്‌സണെ ഇന്റർമിലാൻ നോട്ടമിട്ട വാർത്തകൾ പുറത്തു വന്നിരുന്നു. ഏതായാലും ഈ മൂന്ന് താരങ്ങളും ചെൽസി വിട്ടേക്കും. ഡ്രിങ്ക്വാട്ടർ നിലവിൽ ആസ്റ്റൺ വില്ലയിൽ ആണ് ലോണിൽ കളിക്കുന്നത്. ബകയോകു മൊണോക്കോയിലും കെനഡി ഗെറ്റാഫെയിലുമാണ് ലോണിൽ കളിക്കുന്നത്. ഇവരെ അവിടെ സ്ഥിരപ്പെടുത്തുകയോ അതല്ലെങ്കിൽ മറ്റുള്ള ക്ലബുകളിലേക്ക് പറഞ്ഞയക്കുകയോ ചെയ്യാനാണ് ചെൽസി തീരുമാനിച്ചിരിക്കുന്നത്. ഏതായാലും ഹാവെർട്സിനെ ഏത് വിധേനെയും ക്ലബിൽ എത്തിക്കണമെന്ന തീരുമാനത്തിലാണ് ചെൽസി.

Leave a Reply

Your email address will not be published. Required fields are marked *