റിച്ചാർലീസണുമായി കരാറിലെത്തി വമ്പൻമാർ,ഇനി അങ്കം അർജന്റൈൻ എതിരാളിയോടൊപ്പം?

എവെർട്ടണിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസൺ ഈ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനപ്പെട്ട ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. നിരവധി ക്ലബ്ബുകൾ താരത്തിനു വേണ്ടി രംഗത്ത് വന്നിരുന്നു.എന്നാൽ ആ ക്ലബുകളെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടൻഹാം താരവുമായി കരാറിൽ എത്തിയിട്ടുണ്ട്.

പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതായത് റിച്ചാർലീസണിന്റെ പ്രതിനിധികളുമായി ടോട്ടൻഹാം അധികൃതർ ചർച്ചകൾ നടത്തിയിരുന്നു.ഇതിൽ പേഴ്സണൽ ടെംസെല്ലാം അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇനി എവെർട്ടണിന്റെ ഊഴമാണ്.ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ എവെർട്ടണുമായി ധാരണയിൽ എത്താൻ കഴിഞ്ഞാൽ റിച്ചാർലീസൺ അടുത്ത സീസണിൽ ടോട്ടൻഹാമിന് വേണ്ടി കളിച്ചേക്കും.

എന്നാൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ ഉറ്റുനോക്കുന്ന കാര്യം മറ്റൊന്നാണ്.അതായത് അർജന്റൈൻ ഡിഫന്ററായ ക്രിസ്റ്റ്യൻ റൊമേറോയും ബ്രസീലിയൻ താരമായ റിച്ചാർലീസണും ഒരു ക്ലബ്ബിൽ ഒരുമിക്കുന്നു എന്നുള്ളതാണ്. നേരത്തെ സോഷ്യൽ മീഡിയയിലും കളത്തിനകത്തും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള താരങ്ങളാണ് റൊമേറോയും റിച്ചാർലീസണും.

കോപ്പാ അമേരിക്ക ഫൈനലിന് ശേഷം പലപ്പോഴും റിച്ചാർലീസണും അർജന്റൈൻ താരങ്ങളും കൊമ്പ് കോർത്തിരുന്നു. മാത്രമല്ല പ്രീമിയർ ലീഗിൽ എവെർട്ടണും ടോട്ടൻഹാമും ഏറ്റുമുട്ടിയ സമയത്തും ഇരുവരും മുഖാമുഖം വന്നിട്ടുണ്ട്. അന്ന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് എവർട്ടണിനെ പരാജയപ്പെടുത്താൻ ടോട്ടൻഹാമിന് കഴിഞ്ഞിരുന്നു. മാത്രമല്ല റിച്ചാർലീസണെ ഗുരുതരമായി ഫൗൾ ചെയ്തതിന് റൊമേറോ ആ മത്സരത്തിൽ യെല്ലോ കാർഡ് കാണുകയും ചെയ്തിരുന്നു. മത്സരശേഷം റൊമേറോ സോഷ്യൽ മീഡിയയിൽ റിച്ചാർലീസണെ പരിഹസിക്കുകയും ചെയ്തിരുന്നു.

ഏതായാലും ഇരുവരും ഇനി ഒരുമിക്കുകയാണെങ്കിൽ റിച്ചാർലീസണെ റൊമേറോ എങ്ങനെ സ്വീകരിക്കുമെന്നുള്ള ചോദ്യമാണ് പ്രമുഖ അർജന്റൈൻ മാധ്യമമായ tyc ഇപ്പോൾ ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *