മെസ്സിക്ക് വേണ്ടി വമ്പൻ ഓഫർ നൽകാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി !

സൂപ്പർ താരം ലയണൽ മെസ്സിയെ എങ്ങനെ ക്ലബിൽ എത്തിക്കാം എന്നതിനെ കുറിച്ച് മാഞ്ചസ്റ്റർ സിറ്റി അന്വേഷണങ്ങൾ ആരംഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. എഴുന്നൂറ് മില്യൺ റീലിസ് ക്ലോസ് ഉള്ള ഒരു താരത്തെ യുവേഫയുടെ എഫ്എഫ്പി നിയമങ്ങൾ ലംഘിക്കാതെ ടീമിൽ എത്തിക്കൽ ശ്രമകരമായ ജോലിയാണ് എന്നുള്ളത് സിറ്റിക്ക് ബോധ്യമായ കാര്യമാണ്. നിലവിൽ മെസ്സി ക്ലബ് വിടാൻ തീരുമാനം എടുത്ത സ്ഥിതിക്കും മുൻ പരിശീലകൻ പെപ് ഗ്വാർഡിയോളയുമായി സംസാരിച്ച സ്ഥിതിക്കും കാര്യങ്ങൾ ഏറെക്കുറെ വ്യക്തമാണ്. അതായത് മെസ്സിയെ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ മെസ്സി ക്ലബ് വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറും. അത്കൊണ്ട് തന്നെ ഈയൊരു അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് സിറ്റിയും. മെസ്സിക്ക് വേണ്ടി ഒരു വമ്പൻ ഓഫർ എഫ്സി ബാഴ്സലോണക്ക് മുമ്പിൽ വെച്ചുനീട്ടാനുള്ള ഒരുക്കത്തിലാണ് സിറ്റി. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

നൂറ് മില്യൺ യുറോയും കൂടാതെ മൂന്ന് താരങ്ങളെയുമാണ് സിറ്റി മെസ്സിക്ക് വേണ്ടി വാഗ്ദാനം ചെയ്യാൻ ഒരുങ്ങി നിൽക്കുന്നത്. സിറ്റിയുടെ ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കെർ ഗബ്രിയേൽ ജീസസ്, മുൻ ബാഴ്‌സ താരവും നിലവിൽ ബാഴ്സയുടെ നോട്ടപ്പുള്ളിയുമായ ഡിഫൻഡർ എറിക് ഗാർഷ്യ, സൂപ്പർ താരം ബെർണാഡോ സിൽവ എന്നീ മൂന്ന് താരങ്ങളെയാണ് നൂറ് മില്യണൊപ്പം മെസ്സിക്ക് വേണ്ടി ബാഴ്സയുടെ മുമ്പിലേക്ക് വെച്ചു നീട്ടാനൊരുങ്ങുന്നത്. നൂറ് മില്യണിൽ കൂടുതൽ ക്യാഷ് തരാൻ കഴിയില്ല എന്നാണ് സിറ്റിയുടെ നിലപാട്. കാരണം യുവേഫയുടെ നിയമങ്ങൾ തന്നെയാണ്. ബാഴ്സയെ സംബന്ധിച്ചെടുത്തോളം തങ്ങൾ ലക്ഷ്യമിടുന്ന രണ്ട് താരങ്ങളെയാണ് സിറ്റി ഓഫർ ചെയ്യാൻ നിൽക്കുന്നത്. മെസ്സി ക്ലബ് വിടണമെന്ന് നിർബന്ധം പിടിച്ചാൽ ബാഴ്സ ഇതൊക്കെ പരിഗണിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *