മടങ്ങി വരവിൽ നിറംമങ്ങി ബെയ്ൽ, അർജന്റൈൻ താരത്തിന്റെ മിന്നുംഗോളിൽ ടോട്ടൻഹാം കുരുങ്ങി !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ആവേശകരമായ ഒരു മത്സരമാണ് ആരാധകർക്ക് കാണാനായത്. മൂന്ന് ഗോളിന് മുന്നിൽ നിന്ന ടോട്ടൻഹാമിനെ അവസാനപതിനഞ്ച് മിനുട്ടിൽ മൂന്നെണ്ണം തിരിച്ചടിച്ചു കൊണ്ട് വെസ്റ്റ്ഹാം സമനിലയിൽ തളക്കുകയായിരുന്നു. 82-ആം മിനുട്ട് വരെ മൂന്ന് ഗോളിന് പിറകിൽ നിന്ന വെസ്റ്റ്ഹാം ഉജ്ജ്വലതിരിച്ചു വരവാണ് കാഴ്ച്ചവെച്ചത്. 94-ആം മിനുട്ടിൽ അർജന്റൈൻ താരം മാനുവൽ ലാൻസിനിയുടെ അത്യുഗ്രൻ ഗോളാണ് വെസ്റ്റ്ഹാമിന് സമനില നേടികൊടുത്തത്. മത്സരത്തിൽ മൂന്നു ഗോളിന് മുന്നിൽ നിൽക്കുന്ന സമയത്ത് പരിശീലകൻ ഹോസെ മൊറീഞ്ഞോ നടത്തിയ ചില സബ്സ്റ്റിറ്റ്യൂട്ടുകളാണ് ടോട്ടൻഹാമിന്റെ മോശം പ്രകടനത്തിന് കാരണം. കൂടാതെ മടങ്ങിവരവിൽ ബെയ്ലിന് തിളങ്ങാൻ കഴിയാത്തതും സ്പർസിന് തിരിച്ചടിയായി. മത്സരത്തിൽ ഒരു സുവർണ്ണാവസരം താരം നഷ്ടപ്പെടുത്തുകയും ചെയ്തു. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റോടെ ആറാം സ്ഥാനത്താണ് ടോട്ടൻഹാം.

മത്സരത്തിന്റെ പതിനാറ് മിനുട്ടുകൾക്കുള്ളിൽ തന്നെ ടോട്ടൻഹാം മൂന്ന് ഗോളുകൾ നേടിയിരുന്നു. ഒന്നാം മിനുട്ടിൽ തന്നെ കെയ്നിന്റെ പാസിൽ നിന്ന് സണ്ണും എട്ടാം മിനുട്ടിൽ സണ്ണിന്റെ പാസിൽ നിന്ന് കെയ്‌നും ഗോൾ കണ്ടെത്തി. തുടർന്ന് എട്ട് മിനുട്ടുകൾക്ക് ശേഷം കെയ്ൻ റെഗിലോണിന്റെ പാസിൽ നിന്നും വലകുലുക്കി. ആദ്യ പകുതിയിൽ ഈ മൂന്ന് ഗോളിന്റെ ലീഡുമായി ടോട്ടൻഹാം കളം വിട്ടു. എന്നാൽ രണ്ടാം പകുതിയിൽ ഇരുപത് മിനുട്ടിന് ശേഷം ബെർവിൻ, ഡോമ്പലെ, സൺ എന്നിവരെ മൊറീഞ്ഞോ പിൻവലിക്കുകയായിരുന്നു. ബെയ്ൽ, മൗറ, വിങ്ക്സ് എന്നിവർ കളത്തിലിറങ്ങി.82-ആം മിനിറ്റിലാണ് വെസ്റ്റ്ഹാം ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. ഫാബിയാൻ ആയിരുന്നു സ്‌കോറർ. തുടർന്ന് 85-ആം മിനുട്ടിൽ സാഞ്ചസ് സെൽഫ് ഗോൾ നേടിയതോടെ സ്കോർ 3-2 ആയി. 94-ആം മിനുട്ടിൽ ബോക്സിന് പുറത്തു നിന്ന് ഒരു വെടിയുണ്ട കണക്കെയുള്ള ഒരു ഷോട്ടിലൂടെ ലാൻസിനി കൂടി വലകുലുക്കിയതോടെ ആവേശകരമായ മത്സരത്തിന് അന്ത്യമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *