ബാഴ്‌സയെ തോൽപ്പിച്ചു, റൊമേറോയുടെ കാര്യത്തിൽ ടോട്ടൻഹാം കരാറിലെത്തി?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അർജന്റൈൻ ഡിഫൻഡറായ ക്രിസ്റ്റ്യൻ റൊമേറോക്ക്‌ വേണ്ടി എഫ്സി ബാഴ്സലോണയും ടോട്ടൻഹാമും പരസ്പരം പോരാടുകയായിരുന്നു. ടോട്ടൻഹാമിന്റെ പേർസണൽ ടെംസ് ഒക്കെ റൊമേറോ അംഗീകരിച്ചിരുന്നുവെങ്കിലും സ്പർസിന്റെ ഓഫർ അറ്റലാന്റ തള്ളികളഞ്ഞിരുന്നു. അതേസമയം ബാഴ്‌സയാവട്ടെ താരത്തെ ലോണിൽ എത്തിക്കാനുള്ള വഴികളായിരുന്നു അന്വേഷിച്ചിരുന്നത്. എന്നാലിപ്പോൾ റൊമേറോയുടെ കാര്യത്തിൽ ടോട്ടൻഹാം അറ്റലാന്റയുമായി കരാറിൽ എത്തിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ടോട്ടൻഹാം നൽകിയ ഒടുവിലെ ഓഫർ അറ്റലാന്റ അംഗീകരിച്ചിരിക്കുന്നു. അർജന്റൈൻ മാധ്യമങ്ങളായ ടിവൈസി സ്പോർട്സും ടിഎൻടി സ്പോർട്സുമൊക്കെയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

മുമ്പ് 45 മില്യൺ യൂറോ യുടെ ഓഫറായിരുന്നു സ്പർസ് നൽകിയിരുന്നത്. എന്നാൽ അറ്റലാന്റ ഇത്‌ തള്ളി കളയുകയായിരുന്നു.55 മില്യൺ യൂറോ മുതൽ 60 മില്യൺ യൂറോ വരെയുള്ള ഒരു തുക ലഭിക്കണമെന്നായിരുന്നു അറ്റലാന്റയുടെ നിലപാട്. ഇതോടെയാണ് ടോട്ടൻഹാം ദിവസങ്ങൾക്ക്‌ ശേഷം പുതിയ ഓഫർ നൽകിയത്.50 മില്യൺ യൂറോക്ക്‌ പുറമേ 5 മില്യൺ യൂറോ ബോണസായും സ്പർസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്‌ അറ്റലാന്റ അംഗീകരിച്ചു എന്നതാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്.

നിലവിൽ റൊമേറോ അവധി ആഘോഷത്തിലാണുള്ളത്. അദ്ദേഹം അറ്റലാന്റയോടൊപ്പം ചേർന്നിട്ടില്ല.2026 വരെയുള്ള കരാറിലായിരിക്കും റൊമേറോ ടോട്ടൻഹാമുമായി ഒപ്പ് വെക്കുക.ബാഴ്സയും താരത്തിന് വേണ്ടി താല്പര്യം അറിയിച്ചിരുന്നുവെങ്കിലും സാമ്പത്തികപ്രശ്നങ്ങൾ കാരണം ഓഫറുകൾ ഒന്നും നൽകിയിരുന്നില്ല. ഇതോടെയാണ് ടോട്ടൻഹാം ബാഴ്‌സയെ മറികടന്നത്.18 മില്യൺ യൂറോയായിരുന്നു താരത്തിന് വേണ്ടി അറ്റലാന്റ ചിലവഴിച്ചിരുന്നത്. ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *