പിഎസ്ജി കരാറിൽ എത്തിയ താരത്തെ ഹൈജാക്ക് ചെയ്യാൻ ചെൽസിയുടെ ശ്രമം,ഉൾപ്പെടുത്തുക ടിമോ വെർണറെ!
ആർബി ലീപ്സിഗിന്റെ പ്രതിരോധനിരതാരമായ നോർഡി മുകീലയുടെ കാര്യത്തിൽ കരാറിലെത്താൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. നേരത്തെ തന്നെ താരവുമായി പിഎസ്ജി പേഴ്സണൽ എഗ്രിമെന്റിൽ എത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമായിരുന്നു ക്ലബ്ബുമായി ധാരണയിൽ എത്തിയത്. ഇക്കാര്യം പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങളും ഫാബ്രിസിയോ റൊമാനോയും സ്ഥിരീകരിച്ചിരുന്നു.
എന്നാൽ ഒഫീഷ്യൽ പ്രഖ്യാപനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനിടെ താരവുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് താരത്തെ പിഎസ്ജിയിൽ നിന്നും ഹൈജാക്ക് ചെയ്യാൻ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി രംഗത്ത് വന്നിട്ടുണ്ട്. പ്രമുഖ മാധ്യമപ്രവർത്തകനായ സാന്റി ഔനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
16 മില്യൺ യൂറോയോളം ഈ താരത്തിന് വേണ്ടി ചിലവഴിക്കാൻ പിഎസ്ജി തയ്യാറായിരുന്നു. എന്നാൽ ചെൽസിക്ക് മറ്റു ചില പദ്ധതികളാണ്. അതായത് തങ്ങളുടെ സൂപ്പർതാരമായ ടിമോ വെർണറെ ഈ ഡീലിൽ ഉൾപ്പെടുത്താൻ ചെൽസി ഉദ്ദേശിക്കുന്നുണ്ട് എന്നാണ് ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം ചെൽസിയോട് മുകീലയും അദ്ദേഹത്തിന്റെ ക്ലബ്ബായ ലീപ്സിഗും ഏത് രൂപത്തിൽ പ്രതികരിക്കുമെന്നുള്ളത് അവ്യക്തമാണ്.
Chelsea are trying to hijack PSG's move for Nordi Mukiele (24) by including Timo Werner in the deal, according to @Santi_J_FM.https://t.co/9XzfvxQLpD
— Get French Football News (@GFFN) July 25, 2022
എന്നാൽ ടിമോ വെർണറെ ഈ ടീമിന്റെ ഭാഗമാക്കുകയാണെങ്കിൽ ആ ലീപ്സിഗിന് ഗുണം ചെയ്യുന്ന ഒരു കാര്യമായിരിക്കും. എന്തെന്നാൽ 2020ൽ 50 മില്യൺ യൂറോക്ക് ലീപ്സിഗ് ചെൽസിക്ക് കൈമാറിയിരുന്ന താരമായിരുന്നു വെർണർ.എന്നാൽ ചെൽസിയിൽ താരത്തിന് വേണ്ട രൂപത്തിൽ തിളങ്ങാൻ കഴിയാതെ പോവുകയായിരുന്നു.
ഏതായാലും പിഎസ്ജിയുടെ കരങ്ങളിൽ നിന്ന് മുകീലയെ റാഞ്ചാൻ ചെൽസിക്ക് കഴിയുമോ എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഹൈജാക്ക് നടത്തിയിരുന്നു.ലിയോണുമായി കരാറിലെത്തിയ ടൈറൽ മലാസിയയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുകയായിരുന്നു.