ട്വിസ്റ്റുകൾക്ക് വിരാമം, ഒടുവിൽ ലിവർപൂളിനെ മറികടന്ന് ചെൽസി തന്നെ വിജയിച്ചു!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചെൽസി ഏറ്റവും കൂടുതൽ ലക്ഷ്യംവെച്ച താരങ്ങളിൽ ഒരാളാണ് മോയ്സസ് കൈസേഡോ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണ് വേണ്ടിയാണ് ഈ ഇക്വഡോറിയൻ സൂപ്പർ താരം കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ എത്തി നിൽക്കെയാണ് ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്.ലിവർപൂൾ അതിശക്തമായ ഒരു പ്രവേശനം നടത്തുകയായിരുന്നു.

110 മില്യൺ പൗണ്ടിന്റെ ഒരു ഓഫറാണ് ബ്രൈറ്റണ് ലിവർപൂൾ നൽകിയത്. ഇതോടുകൂടി ബ്രൈറ്റൺ താരത്തെ ലിവർപൂളിന് നൽകാൻ സമ്മതിക്കുകയായിരുന്നു.ചെൽസിക്ക് താരത്തെ നഷ്ടമായി എന്നുറപ്പിച്ച് നിൽക്കുന്ന സമയത്താണ് കൈസേഡോ ഒരിക്കൽ കൂടി ചിന്തിക്കുന്നത്.തുടർന്ന് അദ്ദേഹം ലിവർപൂളിനെ നിരസിച്ചു. ചെൽസിയിലേക്ക് തന്നെ വരാൻ തീരുമാനിച്ചതോടെ ഈ ട്രാൻസ്ഫറിൽ മറ്റൊരു വഴിത്തിരിവ് സംഭവിക്കുകയായിരുന്നു.

ഏതായാലും ഈ പോരാട്ടത്തിൽ ചെൽസി തന്നെ വിജയിച്ചിട്ടുണ്ട്. 115 മില്യൺ പൗണ്ട് നൽകി കൊണ്ടാണ് ചെൽസി കൈസേഡോയെ സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ മാധ്യമമായ അത്ലറ്റിക്ക് ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. എട്ടുവർഷത്തെ ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പുവെക്കുന്നത്. ഒമ്പതാമത്തെ വർഷത്തേക്ക് ഈ കരാർ നീട്ടാനുള്ള ഓപ്ഷനും താരത്തിന് ലഭ്യമാണ്.

2021ൽ കേവലം 4.5 മില്യൺ പൗണ്ടിനാണ് കൈസേഡോയെ ബ്രൈറ്റൺ സ്വന്തമാക്കുന്നത്. അതായത് ഈ ട്രാൻസ്ഫറിലൂടെ ഏകദേശം 110 മില്യൻ പൗണ്ട് ലാഭമുണ്ടാക്കാൻ ബ്രൈറ്റണ് സാധിച്ചു എന്നർത്ഥം.അതേസമയം ഇന്നലെ ചെൽസിയും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയിൽ പിരിയുകയായിരുന്നു. പക്ഷേ ചെൽസിയായിരുന്നു മികച്ച പ്രകടനം നടത്തിയിരുന്നത്.കൈസേഡോ കൂടി വരുന്നതോടെ ചെൽസി കൂടുതൽ കരുത്തരാവും.

Leave a Reply

Your email address will not be published. Required fields are marked *