ജൂലിയൻ ആൽവരസിന് സിറ്റിയിൽ തിളങ്ങാനാവുമോ? അഗ്വേറോ പറയുന്നു!

സൂപ്പർ താരം സെർജിയോ അഗ്വേറോ ക്ലബ്‌ വിട്ടതിന് ശേഷമായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഒരു സ്ട്രൈക്കർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്.ടോട്ടൻഹാമിന്റെ സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്നിന് വേണ്ടി അവർ കിണഞ്ഞു പരിശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.തുടർന്നാണ് അർജന്റീനയിൽ നിന്ന് തന്നെ ഒരു താരത്തെ സിറ്റി സൈൻ ചെയ്തത്.റിവർപ്ലേറ്റിന്റെ ജൂലിയൻ ആൽവരസിനെയാണ് സിറ്റി സ്വന്തമാക്കിയത്.ഈ സീസണിന് ശേഷമാണ് താരം സിറ്റിയിൽ എത്തുക.

ഏതായാലും ആൽവരസിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളിപ്പോൾ അഗ്വേറോ പങ്കുവെച്ചിട്ടുണ്ട്.ആൽവരസിന് സിറ്റിയിൽ തിളങ്ങാനുള്ള കഴിവുണ്ട് എന്നാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.എന്നാൽ പെപ് അദ്ദേഹത്തെ ഏതു രൂപത്തിൽ ഉപയോഗിക്കുമെന്നുള്ളത് നോക്കി കാണേണ്ട ഒരു കാര്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം തന്റെ ട്വിച്ച് അക്കൗണ്ടിൽ സംസാരിക്കുകയായിരുന്നു അഗ്വേറോ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹം വളരെ നല്ല ഒരു താരമാണ്.അദ്ദേഹത്തിന് നല്ല ടാലെന്റുണ്ട്.ഞാൻ അദ്ദേഹത്തോടൊപ്പം ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്.അർജന്റൈൻ ദേശീയ ടീമിൽ ഞങ്ങൾ എപ്പോഴും പരസ്പരം തമാശകൾ പങ്കുവെക്കുമായിരുന്നു.ഒരു സ്ട്രൈക്കറെ സംബന്ധിച്ചുള്ള കാര്യങ്ങൾ അദ്ദേഹം എപ്പോഴും എന്നോട് ചോദിക്കുമായിരുന്നു.ഞാനെന്റെ എക്സ്പീരിയൻസ് പങ്കുവെക്കും.ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. മാഞ്ചസ്റ്റർ സിറ്റി അദ്ദേഹത്തെ ഏതു രൂപത്തിൽ ഉപയോഗപ്പെടുത്തുന്നുമെന്നുള്ളത് നോക്കി കാണേണ്ട ഒരു കാര്യമാണ്.ഒരു നമ്പർ നയൺ സ്ട്രൈക്കറായി കൊണ്ട് അദ്ദേഹത്തെ ഉപയോഗപ്പെടുത്തുമോ എന്നെനിക്കറിയില്ല.അദ്ദേഹമൊരു ഫ്രീ പ്ലെയറാണ്. ഏത് പൊസിഷനിലും കളിക്കാൻ സാധിക്കും.പെപ് ഗ്വാർഡിയോള പല രൂപത്തിലാണ് താരങ്ങളെ ഉപയോഗിക്കുക.അദ്ദേഹത്തിന് ടാക്ടിസ് അങ്ങനെയാണ്.ഞാൻ ഇന്ന് സിറ്റിയിൽ ഉണ്ടായിരുന്നെങ്കിൽ ഞാനവിടെ യോജിച്ച താരമാവുമോ എന്ന് പോലും എനിക്കറിയില്ല ” ഇതാണ് അഗ്വേറോ പറഞ്ഞിട്ടുള്ളത്.

പെപിന് കീഴിൽ 182 മത്സരങ്ങളിൽനിന്ന് 124 ഗോളുകൾ നേടിയ താരമാണ് അഗ്വേറോ.എന്നാൽ ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ കാരണം താരം ബാഴ്സയിൽ വെച്ച് വിരമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!