ക്രിസ്റ്റ്യാനോ പുറത്ത്, ഗിഗ്സിന്റെ എക്കാലത്തെയും മികച്ച യുണൈറ്റഡ് ഇലവൻ ഇങ്ങനെ!

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മോശമല്ലാത്ത രൂപത്തിലാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഈ സീസണിൽ 14 ഗോളുകളും 3 അസിസ്റ്റുകളുമായി 17 ഗോളുകളിൽ റൊണാൾഡോ പങ്കാളിത്തം വഹിച്ചു കഴിഞ്ഞിട്ടുണ്ട്. യുണൈറ്റഡിലേക്കുള്ള തന്റെ രണ്ടാം വരവിലും ക്രിസ്റ്റ്യാനോ പ്രതിഭക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരങ്ങളിൽ ഒരാളായ റയാൻ ഗിഗ്‌സ് തന്റെ ഏറ്റവും മികച്ച യുണൈറ്റഡ് ഇലവനെ തിരഞ്ഞെടുത്തിരുന്നു.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇടമില്ല എന്നുള്ളതാണ് ഏറ്റവും ശ്രദ്ദേയമായ കാര്യം. എന്നാൽ ഒട്ടുമിക്ക ഇതിഹാസതാരങ്ങളും ഈ ഇലവനിൽ ഇടം നേടിയിട്ടുണ്ട്.

ഗോൾകീപ്പറായി കൊണ്ട് ഗിഗ്‌സ് തിരഞ്ഞെടുത്തിരിക്കുന്നത് പീറ്റർ ഷ്മൈക്കലിനെയാണ്.ഫുൾ ബാക്കുമാരായി കൊണ്ട് ഡെനിസ് ഇർവിൻ,ഗാരി നെവില്ലെ എന്നിവരാണ് സ്ഥാനം നേടിയിരിക്കുന്നത്.യുണൈറ്റഡിന് വേണ്ടി 436 മത്സരങ്ങൾ കളിച്ച താരമാണ് നെവില്ലെ.സെന്റർ ബാക്കുമാരായി കൊണ്ട് റിയോ ഫെർഡിനാന്റ്, മിക്കായേൽ സിൽവെസ്‌ട്രെ എന്നിവരെയാണ് ഗിഗ്‌സ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മധ്യനിരയിൽ പോൾ ഷോൾസ്, നിക്കി ബട്ട്‌,റോയി കീൻ എന്നിവരാണ് ഇടം നേടിയിരിക്കുന്നത്.ഷോൾസ് 479 മത്സരങ്ങൾ യുണൈറ്റഡിന് വേണ്ടി കളിച്ചപ്പോൾ 371 മത്സരങ്ങളാണ് കീൻ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ളത്.

മുന്നേറ്റനിരയിൽ വെയിൻ റൂണി, ഡേവിഡ് ബെക്കാം എന്നിവർ ഇടം നേടി. സെന്റർ സ്‌ട്രൈക്കറായി കൊണ്ട് ഒലെ ഗുണ്ണാർ സോൾഷെയറെയാണ് ഗിഗ്‌സ് ഉൾപ്പെടുത്തിയിട്ടുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, നെമഞ്ഞ വിദിച്ച്,പാട്രിക് എവ്ര എന്നിവർക്കൊന്നും ഇലവനിൽ ഇടം നേടാനായില്ല.

1987-ൽ യുണൈറ്റഡിന്റെ അക്കാദമിയിൽ എത്തിയ താരമാണ് ഗിഗ്സ്. മൂന്ന് വർഷങ്ങൾക്ക് ശേഷം യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റം കുറിച്ചു.പിന്നീട് യുണൈറ്റഡിന് വേണ്ടി ആകെ 963 മത്സരങ്ങൾ കളിച്ച താരം 25 കിരീടങ്ങളും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!