കൊറോണ: താളം തെറ്റി ഫുട്ബോൾ ലോകം

ലോകത്തെ തന്നെ പിടിച്ചുലച്ച കൊറോണ ഫുട്ബോൾ ലോകത്തെയും താളം തെറ്റിച്ചിരിക്കുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നടക്കുന്ന ഫുട്ബോൾ മത്സരങ്ങളെ ബാധിച്ചതിന് പുറമെ താരങ്ങൾക്ക് കൊറോണ സ്ഥിരീകരിക്കുന്നതാണ് ഇപ്പോൾ ഏറ്റവുമധികം ഭയപ്പെടുത്തുന്ന കാര്യം. സിരി എയിലും പ്രീമിയർ ലീഗിലും ലാലിഗയിലുമൊക്കെ താരങ്ങൾക്ക് കൊറോണ സ്ഥിരീകരിക്കുകയോ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ ഐസൊലേറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇങ്ങനെ മറ്റെല്ലാ മേഖലകളെ പോലെ തന്നെ ഫുട്ബോൾ ലോകത്തെയും പിടിച്ചുലച്ചിരിക്കുകയാണ് കൊറോണ വൈറസ്.

ഇന്ന് പുറത്തുവന്ന പുതിയ വാർത്തകൾ പ്രകാരം പ്രധാനപ്പെട്ട രണ്ട് ലീഗുകളാണ് നിർത്തിവെച്ചത്. പ്രീമിയർ ലീഗും ലീഗ് വണ്ണും നിർത്തിവെക്കാൻ ധാരണയായി കഴിഞ്ഞിരിക്കുന്നു. ഏപ്രിൽ മൂന്ന് വരെയാണ് പ്രീമിയർ ലീഗ് നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതിന് ശേഷം അപ്പോഴത്തെ സ്ഥിഗതികൾ വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. ഇതോടെ പ്രീമിയർ ലീഗും എഫ്എ കപ്പും ഇഎഫ്എൽ കപ്പും നിർത്തിവെക്കും. കൂടാതെ യുവേഫ ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും അടുത്ത ആഴ്ച്ചയിലെ മത്സരങ്ങളും നിർത്തിവെക്കാൻ യുവേഫ തീരുമാനിച്ചിട്ടുണ്ട്. ഇത് എന്ന് നടത്തുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നാണ് യുവേഫയുടെ പ്രസ്താവന.

ലീഗ് വണ്ണും നിർത്തിവെക്കുന്നതായി അധികൃതർ അറിയിച്ചിരുന്നു. ബുണ്ടസ്ലിഗ നിർത്തിവെക്കുന്ന കാര്യം ആലോചിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. ഇത് കൂടാതെ ലാറ്റിനമേരിക്കയിലെ എല്ലാ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും മാറ്റിവെച്ചതായി കോൺമെബോൾ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ലാലിഗ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചതായി അറിയിപ്പുണ്ടായത്. ഏറ്റവുമാദ്യം നിർത്തിവെച്ചത് സിരി എ ആയിരുന്നു. ഇറ്റലിയിൽ കാര്യങ്ങൾ ഗുരുതരമായതിനാൽ അവിടുത്തെ എല്ലാ സ്പോർട്സ് മത്സരങ്ങളും മാറ്റിവെക്കാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. ഏഷ്യയിലെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരുവിധ എല്ലാ ഫുട്ബോൾ മത്സരങ്ങളും നിർത്തിവെച്ച വാർത്തകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിന്നും പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *