കാര്യങ്ങൾ സങ്കീർണ്ണം,സാഞ്ചോയെ വിൽപ്പനക്ക് വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്!

സൂപ്പർ താരം ജേഡൻ സാഞ്ചോയും യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗും തമ്മിലുള്ള ബന്ധം ഇപ്പോഴും പൂർവ്വ സ്ഥിതിയിലായിട്ടില്ല. തന്നെ സ്‌ക്വാഡിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് സാഞ്ചോ ടെൻ ഹാഗിനെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു.ഇതോടെ പരിശീലകൻ സ്ഥിരമായി അദ്ദേഹത്തെ ടീമിൽ നിന്നും പുറത്താക്കി. തിരിച്ചെടുക്കണമെങ്കിൽ മാപ്പ് പറയണം എന്ന് നിലപാടിലാണ് ഇപ്പോൾ യുണൈറ്റഡ് പരിശീലകൻ ഉള്ളത്.

ഇതുവരെ മാപ്പ് പറയാൻ സാഞ്ചോയും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ കാര്യങ്ങൾ സങ്കീർണമായി തുടരുകയാണ്. ഇപ്പോഴിതാ ഇംഗ്ലീഷ് മാധ്യമമായ ദി മിറർ ഇതുമായി ബന്ധപ്പെട്ട ഒരു പുതിയ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ഇംഗ്ലീഷ് സൂപ്പർതാരത്തെ വിൽക്കാൻ തീരുമാനിച്ചു കഴിഞ്ഞു. പെർമനന്റ് ആയിട്ട് മറ്റേതെങ്കിലും ക്ലബ്ബിന് താരത്തെ കൈമാറാൻ തന്നെയാണ് യുണൈറ്റഡിന്റെ തീരുമാനം.

തന്റെ മുൻ ക്ലബ്ബായ ബൊറൂസിയയിലേക്ക് മടങ്ങിപ്പോവുക എന്ന ഒരു ഓപ്ഷൻ ഈ സൂപ്പർതാരത്തിന്റെ മുന്നിലുണ്ട്. എന്നാൽ ജർമ്മൻ ക്ലബ്ബ് ഏത് രൂപത്തിലുള്ള ഒരു തീരുമാനം ആയിരിക്കും എടുക്കുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. അതേസമയം ബാഴ്സലോണക്കും യുവന്റസിനും ഈ താരത്തെ എത്തിക്കാൻ താല്പര്യമുണ്ട്. പക്ഷേ ലോൺ അടിസ്ഥാനത്തിൽ മാത്രമാണ് ഇവർ എത്തിക്കാൻ ഉദ്ദേശിക്കുന്നത്. അതിന് മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മതിക്കുമോ എന്നതും സംശയമുണ്ടാക്കുന്ന കാര്യമാണ്.

ഏതായാലും ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ സാഞ്ചോയെ വിൽക്കാനാണ് യുണൈറ്റഡ് തീരുമാനം. പക്ഷേ അവർ വലിയ രൂപത്തിൽ വില കുറയ്ക്കേണ്ടി വരും. 73 മില്യൺ പൗണ്ടിന് ആയിരുന്നു യുണൈറ്റഡ് അദ്ദേഹത്തെ സ്വന്തമാക്കിയത്.നിലവിൽ അദ്ദേഹത്തിന്റെ മൂല്യം 40 മില്യൻ പൗണ്ട് മാത്രമാണ്. വില കുറക്കാൻ യുണൈറ്റഡ് തയ്യാറായിട്ടില്ലെങ്കിൽ പറ്റിയ ക്ലബ്ബുകളെ കണ്ടെത്താനും യുണൈറ്റഡ് ബുദ്ധിമുട്ടിയേക്കും.ചുരുക്കത്തിൽ യുണൈറ്റഡിൽ സാഹചര്യങ്ങൾ കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!