എമിലിയാനോ മാർട്ടിനസിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗിലെ തന്നെ വമ്പൻമാർ!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് കിരീടം ലഭിക്കുന്നതിൽ വളരെ നിർണായകമായ പങ്കുവഹിച്ചിട്ടുള്ള താരമാണ് അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്. മികച്ച പ്രകടനമായിരുന്നു അദ്ദേഹം വേൾഡ് കപ്പിൽ നടത്തിയിരുന്നത്.രണ്ട് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ അർജന്റീനയെ രക്ഷിച്ചത് അദ്ദേഹമായിരുന്നു. മാത്രമല്ല ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരവും അദ്ദേഹം നേടിയിരുന്നു.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് വേണ്ടിയാണ് ഈ അർജന്റൈൻ താരം കളിക്കുന്നത്. എന്നാൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എമി മാർട്ടിനസ് ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമാണ്.യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള ആഗ്രഹം നേരത്തെ തന്നെ ഈ അർജന്റൈൻ ഗോൾകീപ്പർ പ്രകടിപ്പിച്ചിരുന്നു.

ഈ താരത്തെ സ്വന്തമാക്കാൻ ഇപ്പോൾ മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ടോട്ടൻഹാം ഹോട്സ്പറിന് താല്പര്യമുണ്ട്. അവരുടെ ഗോൾ കീപ്പറായ ഹ്യൂഗോ ലോറിസിന്റെ സ്ഥാനത്തേക്കാണ് ഇപ്പോൾ എമി മാർട്ടിനസിനെ പരിഗണിക്കുന്നത്. കൂടാതെ മറ്റൊരു ഇംഗ്ലീഷ് ഗോൾകീപ്പറായ ജോർദാൻ പിക്ക്ഫോർഡിനെയും ഇവർ പരിഗണിക്കുന്നുണ്ട്. ഈ രണ്ടു താരങ്ങളിൽ ആരെ വാങ്ങുകയാണെങ്കിലും ചുരുങ്ങിയത് നാല്പതു മില്യൺ ഡോളറെങ്കിലും ചിലവഴിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടിയവരാണ് എമി മാർട്ടിനസും ഹ്യൂഗോ ലോറിസും.ലോറിസിന്റെ പ്രായമാണ് ഇപ്പോൾ ടോട്ടൻഹാമിന് ആശങ്ക നൽകുന്ന ഒരു കാര്യം. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരു മികച്ച ഗോൾകീപ്പർ എന്ത് വില കൊടുത്തും ടീമിലേക്ക് എത്തിക്കാൻ തന്നെയാണ് സ്പർസ് ഉദ്ദേശിക്കുന്നത്. പക്ഷേ ചാമ്പ്യൻസ് ലീഗിൽ സ്ഥാനം ഉറപ്പില്ലാത്തതിനാൽ എമി ടോട്ടൻഹാമിലേക്ക് ചേക്കേറാൻ തയ്യാറാവുമോ എന്നുള്ളതും കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *