ഇത്തവണ ലംപാർഡ് രണ്ടും കൽപ്പിച്ച് തന്നെ, അണിയറയിൽ ഒരുങ്ങുന്നത് ശക്തമായ ടീം !

ട്രാൻസ്ഫർ ബാൻ നീക്കം ചെയ്തിട്ടും കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ ലംപാർഡ് നീക്കങ്ങൾ ഒന്നും നടത്താത്തത് ചെൽസി ആരാധകർക്ക് അസംതൃപ്തി ഉണ്ടാക്കിയ കാര്യമായിരുന്നു. എന്നാൽ ലംപാഡിന് കൃത്യമായ പദ്ധതികളും ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ദൃതി പിടിച്ചു കൊണ്ട് ഏതെങ്കിലും താരത്തെ ടീമിൽ എത്തിക്കുന്നതിന് പകരം വ്യക്തമായ ആസൂത്രണങ്ങളിലൂടെ തങ്ങൾക്ക് അനുയോജ്യരായ ഒരുപിടി യുവതാരങ്ങളെ ടീമിൽ എത്തിക്കുക. അത്‌ വഴി അടുത്ത സീസണിൽ ടീം ശക്തിപ്പെടുത്തുക എന്നായിരുന്നു ലംപാർഡിന്റെ പ്ലാൻ. അദ്ദേഹം ആസൂത്രണം ചെയ്ത പോലെ തന്നെയാണ് കാര്യങ്ങൾ ഇപ്പോൾ നടക്കുന്നത്. അയാക്സിൽ നിന്ന് ഹാകിം സിയെച്ച് ക്ലബിൽ എത്തി, ലീപ്സിഗ് ഗോളടിയന്ത്രം ടിമോ വെർണർ ടീമിൽ എത്തി, ഇനി കായ് ഹാവെർട്സിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നു.

കൂടാതെ ചെൽസിയുടെ പ്രതിരോധത്തിന് കെട്ടുറപ്പ് കുറവാണ് എന്നത് ലംപാർഡ് മുമ്പേ മനസ്സിലാക്കിയ കാര്യമാണ്. ആ സ്ഥാനത്തേക്ക് ആയിരുന്നു ബെൻ ചിൽവെല്ലിനെ പരിഗണിച്ചിരുന്നത്. ഇന്നലെ ആ ട്രാൻസ്ഫറും നടന്നു കഴിഞ്ഞു. ഇരുപത്തിമൂന്നുകാരനായ താരത്തിനെ അൻപത് മില്യൺ പൗണ്ടോളം നൽകിയാണ് ലംപാർഡ് ബ്രിഡ്ജിൽ എത്തിച്ചത്. ലെസ്റ്റർ സിറ്റിയുടെ താരമായ ചിൽവെൽ ക്ലബിന് വേണ്ടി 99 മത്സരങ്ങളിൽ നിന്ന് നാലു ഗോളും ഒമ്പത് അസിസ്റ്റും ഇതുവരെ നേടിയിട്ടുണ്ട്. ഈ കഴിഞ്ഞ സീസണിലെ അവസാനഅഞ്ച് മത്സരങ്ങൾ പരിക്ക് മൂലം താരത്തിന് നഷ്ടമായിരുന്നു. ഫലമോ ലെസ്റ്റർ സിറ്റി ഫോം കണ്ടെത്താനാവാതെ പാടുപെട്ടു. അതായത് ഡിഫൻസിൽ ഒരു മികച്ച താരത്തെയാണ് ലംപാർഡ് എത്തിച്ചിരിക്കുന്നത്. തീർന്നില്ല, ബ്രസീലിയൻ സൂപ്പർ ഡിഫൻഡർ തിയാഗോ സിൽവ കൂടി ചെൽസി നിരയിലേക്ക് എത്തുന്നുണ്ട്. അതിനർത്ഥം ചെൽസിയുടെ ഡിഫൻസിലെ പോരായ്മകൾ ഒരു പരിധി വരെ പരിഹരിക്കാനാവും. വരും സീസണിലേക്ക് ലംപാർഡ് രണ്ടും കല്പ്പിച്ചു തന്നെയാണ് എന്നത് ഇപ്പോൾ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *