ഇതൊരു സാധാരണ കാര്യം മാത്രം: മെസ്സിയും ക്രിസ്റ്റ്യാനോയും നിറം മങ്ങുന്നതിനെക്കുറിച്ച് ഫ്രഞ്ച് ഇതിഹാസം പറയുന്നു!

സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തങ്ങളുടെ കരിയറിലെ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഇരുവരും യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. മാത്രമല്ല വലിയ രൂപത്തിലുള്ള മികവൊന്നും തന്നെ ഈ സീസണിൽ ഈ രണ്ടു താരങ്ങൾക്കും അവകാശപ്പെടാനില്ല. അതുകൊണ്ടുതന്നെ വിമർശനങ്ങളും ഇരുവർക്കും ഏൽക്കേണ്ടി വരുന്നുണ്ട്.

എന്നാൽ മുൻ ഫ്രഞ്ച് ഇതിഹാസമായ നിക്കോളാസ് അനൽക്കക്ക് ഇക്കാര്യത്തിൽ അതിശയമൊന്നുമില്ല. ഇരുവരുടെയും പ്രകടനം നിറം മങ്ങുന്നത് സാധാരണമായ ഒരു കാര്യമാണ് എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.പക്ഷെ രണ്ടുപേരും കഴിഞ്ഞ 15 വർഷമായി ഉണ്ടാക്കിയെടുത്ത കരിയറിൽ സംതൃപ്തരായിരിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം RMC സ്പോർട്ടിന്റെ ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അനൽക്കെ. ഇദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” രണ്ടു പേരും അവരുടെ കരിയറുകൾ ഉണ്ടാക്കിയെടുത്തവരാണ്, കഴിഞ്ഞ 15 വർഷമായി അവർ ഉണ്ടാക്കിയെടുത്ത കരിയറിൽ രണ്ടുപേരും സംതൃപ്തരായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. റൊണാൾഡോയുടെ കാര്യത്തിനേക്കാൾ ഞാൻ മെസ്സിയുടെ കാര്യത്തിലാണ് അത്ഭുതപ്പെടുന്നത്.ഫ്രഞ്ച് ലീഗിൽ മെസ്സി തകർക്കാൻ പോവുകയാണെന്നും പ്രീമിയർ ലീഗിൽ റൊണാൾഡോ ബുദ്ധിമുട്ടുമെന്നും ഞാൻ കരുതി. കാരണം പ്രീമിയർലീഗ് എന്നെ സംബന്ധിച്ചിടത്തോളം എല്ലാ മേഖലയിലും ബുദ്ധിമുട്ടുള്ള ഒരു ചാമ്പ്യൻഷിപ്പാണ്. ലോക ഫുട്ബോളിൽ ഇത്രയധികം ആധിപത്യത്തോടെ കൂടി അടക്കിവാഴുന്ന താരങ്ങൾ ഇനി ഉണ്ടാവില്ലെന്ന് ഞാൻ കരുതുന്നു.15 വർഷമായി ഇവർ എല്ലാ താരങ്ങളുടെയും മുകളിലാണ്.ഇപ്പോൾ ഇവരുടെ പ്രകടനം മന്ദഗതിയിലാവുന്നത് നമുക്ക് കാണാൻ സാധിക്കും.അത് സാധാരണമായ ഒരു കാര്യമാണ് ” ഇതാണ് അനൽക്കെ പറഞ്ഞത്.

മെസ്സിയെ സംബന്ധിച്ചെടുത്തോളം ഈ സീസണിൽ ലീഗ് വൺ കിരീടം മാത്രമാണ് പ്രതീക്ഷ. അതേസമയം ഈ സീസൺ ക്രിസ്റ്റ്യാനോ റൊണാൾഡോ കീരീടമില്ലാതെ അവസാനിപ്പിക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *