സെമെഡോയെയും ബാഴ്സ കൈവിടുന്നു,വാങ്ങുന്നത് ഈ വമ്പൻ ക്ലബ്
ബാഴ്സലോണയുടെ പോർച്ചുഗീസ് പ്രതിരോധനിര താരം നെൽസൺ സെമെഡോയെ കയ്യൊഴിയാനൊരുങ്ങി ബാഴ്സ. ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ മാഞ്ചസ്റ്റർ സിറ്റിക്ക് കൈമാറിയെക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഒരു സ്വാപ് ഡീൽ ആയിരിക്കും ബാഴ്സയ്ക്കും സിറ്റിക്കും ഇടയിൽ നടക്കുക എന്നാണ് പ്രമുഖമാധ്യമമായ സ്പോർട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെമെഡോക്ക് പകരമായി സിറ്റിയുടെ ജാവോ ക്യാൻസിലൊ ആയിരിക്കും ബാഴ്സയിലേക്കെത്തുക. ബാക്കി തുക പണമായി സിറ്റി ബാഴ്സക്ക് നൽകേണ്ടിയും വരും.
ഈ സീസണിൽ ക്ലബ് വിടാൻ ബാഴ്സ താരത്തിന് അനുമതി നൽകിയതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ തന്നെ ടീം വിടാൻ താരം ശ്രമിച്ചിരുന്നുവെങ്കിലും ക്ലബ് അനുവദിച്ചിരുന്നില്ല. എന്നാൽ താരത്തിന്റെ ഏജന്റ് ജോർജെ മെൻഡസിന് താരത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ ബാഴ്സ അനുമതി നൽകിയിരുന്നു. 45 മില്യൺ യുറോയാണ് താരത്തിന്റെ മൂല്യമായി ബാഴ്സ കണക്കാക്കുന്നത്. നിലവിൽ 2022 വരെ താരത്തിന് ബാഴ്സയിൽ കരാറുണ്ട്. താരത്തെ സ്വന്തമാക്കാൻ പെപ് ഗ്വാർഡിയോള താല്പര്യം പ്രകടിപ്പിച്ചതോടെ ഈ ട്രാൻസ്ഫറിന് സാധ്യതകൾ ഏറെയാണ് എന്നാണ് സ്പോർട്ട് പറയുന്നത്.