സിറ്റിയുടെ യുവപ്രതിരോധനിര താരത്തെ തിരികെയെത്തിക്കാൻ ബാഴ്സ

മാഞ്ചസ്റ്റർ സിറ്റിയുടെ യുവപ്രതിരോധനിര താരം എറിക് ഗാർഷ്യയെ തിരികെ ക്ലബിലെത്തിക്കാൻ ബാഴ്സ ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. താരത്തിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റിയെ ബാഴ്സ അധികൃതർ സമീപിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീസണോടെ സിറ്റി വിടാൻ താരത്തിന് താല്പര്യമുണ്ടെന്നും തിരികെ ബാഴ്സയിലേക്ക് തന്നെ മടങ്ങിപോവാനാണ് താല്പര്യമെന്നും അറിയാൻ കഴിയുന്നത്. പത്തൊൻപതുകാരനായ താരത്തിന്റെ കരാർ അടുത്ത സീസൺ അവസാനത്തോടെ അവസാനിക്കും. അതോടെ ഫ്രീ ഏജന്റ് ആയി താരത്തെ ലഭ്യമാവും. താരത്തെ തിരികെയെത്തിച്ച് പ്രതിരോധം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ബാഴ്സ. ബാഴ്സയുടെ ലാ മാസിയ പ്രോഡക്റ്റ് തന്നെയാണ് എറിക് ഗാർഷ്യ.

ബാഴ്സലോണയിൽ ജനിച്ച താരം തന്റെ ഏഴാം വയസ്സിലാണ് ലാമാസിയയിൽ ചേരുന്നത്. 2008 മുതൽ 2017 വരെ അവിടെ തുടർന്ന താരം പിന്നീട് കൂടുമാറുകയായിരുന്നു. 2017-ൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറിയ താരത്തിന് വേണ്ടവിധത്തിലുള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ഈ സീസണിൽ പതിമൂന്ന് മത്സരങ്ങളിൽ കളിക്കാൻ താരത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ ലിവർപൂളിനെതിരായ മത്സരത്തിൽ ആദ്യഇലവനിൽ സ്ഥാനം നേടാൻ ഗാർഷ്യക്ക് സാധിച്ചിരുന്നു. മികച്ച പ്രകടനവും താരം കാഴ്ച്ചവെച്ചു. സലാഹ്, മാനേ, ഫിർമിഞ്ഞോ ത്രയത്തെ ഫലപ്രദമായി തടയാൻ താരത്തിന് സാധിച്ചു. എന്നാൽ താരത്തിന് തിരികെ തന്റെ ജന്മനാട്ടിലേക്ക് തന്നെ മടങ്ങാനാണ് ആഗ്രഹം. കൂടുതൽ വാർത്തകൾ പിറകെ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *