വമ്പൻ പരിശീലകർ,പ്രീമിയർ ലീഗൊരു സൂപ്പർ ലീഗായി മാറുന്നു!

ദിവസങ്ങൾക്ക്‌ മുമ്പായിരുന്നു ടോട്ടൻഹാം അവരുടെ പരിശീലകനായിരുന്ന നുനോയെ പുറത്താക്കിയിരുന്നത്. തുടർന്ന് അന്റോണിയോ കോന്റെയെ നിയമിക്കുകയും ചെയ്തിരുന്നു.ഇതോടെ മറ്റൊരു മികച്ച പരിശീലകൻ കൂടി പ്രീമിയർ ലീഗിലേക്കെത്തി.

ടോട്ടൻഹാമിനെ സംബന്ധിച്ചിടത്തോളം ഒരു ലീഗ് കിരീടം നേടിയിട്ട് അറുപതോളം വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു.അതേസമയം അന്റോണിയോ കോന്റെയാവട്ടെ അവസാന 9 വർഷത്തിനിടെ 5 ലീഗ് കിരീടങ്ങൾ നേടിയിട്ടുമുണ്ട്. അത്കൊണ്ട് തന്നെ ഇനി മുതൽ ടോട്ടൻഹാമിൽ നിന്നും കടുത്ത പോരാട്ടങ്ങൾ പ്രതീക്ഷിക്കാം.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ പത്ത് ക്ലബുകളുടെ ലിസ്റ്റ് ഈയിടെ ഫോർബ്‌സ് പുറത്ത് വിട്ടിരുന്നു. അതിൽ 10-ആം സ്ഥാനത്താണ് ടോട്ടൻഹാം. 6 പ്രീമിയർ ലീഗ് ക്ലബുകളായിരുന്നു അതിൽ ഇടം നേടിയത്. പ്രീമിയർ ലീഗിന്റെ ആധിപത്യത്തിനുള്ള ഒരു തെളിവാണത്.

കോന്റെ കൂടി വന്നതോടെ വമ്പൻ പരിശീലകരിൽ ഭൂരിഭാഗവും പ്രീമിയർ ലീഗിൽ എത്തിക്കഴിഞ്ഞു.യുർഗൻ ക്ലോപ്, പെപ് ഗ്വാർഡിയോള, തോമസ് ടുഷേൽ, അന്റോണിയോ കോന്റെ എന്നിവർ ടോപ് ടയർ പരിശീലകരാണ്.ബയേണിന്റെ നഗെൽസ്മാനും അത്ലറ്റിക്കോയുടെ സിമയോണിയുമാണ് ഇതിൽ മിസ്സിംങ്ങായിട്ടുള്ളത്. അത്കൊണ്ട് തന്നെ പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം പ്രീമിയർ ലീഗിനെ സൂപ്പർ ലീഗ് എന്നാണ് വിശേഷിപ്പിച്ചത്. സൂപ്പർ പരിശീലകരാൽ പ്രീമിയർ ലീഗ് ഇതിനോടകം തന്നെ ഒരു സൂപ്പർ ലീഗായി മാറി എന്നാണ് ഇവർ അഭിപ്രായപ്പെട്ടത്.

ഈ പരിശീലകരിൽ നിന്നും തന്ത്രങ്ങളും മറുതന്ത്രങ്ങളും നമുക്ക് കാണാൻ സാധിച്ചേക്കും.ഏതായാലും പ്രീമിയർ ലീഗിൽ ഒരു കടുത്ത കിരീടപ്പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!