യുണൈറ്റഡിന്റെ ഏഴാം നമ്പർ ജേഴ്സി അണിയുന്നത് തന്നെ ബഹുമതി, കവാനി പറയുന്നു !

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഴാം ജേഴ്സി അണിയുന്നത് തന്നെ വലിയ ബഹുമതിയെന്ന് സൂപ്പർ താരം എഡിൻസൺ കവാനി. കഴിഞ്ഞ ദിവസം ഇഎസ്പിഎൻ അർജന്റീനക്ക്‌ നൽകിയ അഭിമുഖത്തിലാണ് താരം പുതിയ പ്രതീക്ഷകൾ പങ്കുവെച്ചത്. ട്രാൻസ്ഫർ ജാലകത്തിലെ അവസാനദിവസത്തിലായിരുന്നു കവാനിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോഡിൽ എത്തിച്ചത്. ഫ്രീ ഏജന്റ് ആയിരുന്ന താരത്തെ ഒരു വർഷത്തെ കരാറിലാണ് യുണൈറ്റഡ് ക്ലബ്ബിൽ എത്തിച്ചത്.കൂടെ ഒരു വർഷം കൂടി കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്. തുടർന്ന് യുണൈറ്റഡിന്റെ പ്രശസ്തമായ ഏഴാം നമ്പർ ജേഴ്സി കവാനിക്ക്‌ നൽകപ്പെട്ടിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, എറിക് കന്റോണ എന്നിവർ അണിഞ്ഞു ജേഴ്സിയാണ് ഏഴാം നമ്പർ ജേഴ്സി. ഏഴാം നമ്പർ ജേഴ്‌സിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയ്യാറായതായും കവാനി അറിയിച്ചു.

” മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഴാം നമ്പർ ജേഴ്സി അണിയാൻ കഴിയുന്നത് തന്നെ വലിയ ബഹുമതിയാണ്. ഇനി ഈ ഉത്തരവാദിത്തം നിറവേറ്റാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. എന്റെ പരമാവധി മികച്ച പ്രകടനം ഞാൻ പുറത്തെടുക്കും. എന്റെ മത്സരങ്ങൾ ആസ്വദിക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എന്റെ ഒരു അടയാളം രേഖപ്പെടുത്താനും ഞാൻ ശ്രമിക്കും. എനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് വർഷത്തെ കരാറുണ്ട്. എന്റെ എല്ലാം ഞാൻ യുണൈറ്റഡിന് നൽകാൻ തയ്യാറാണ്. എനിക്കിവിടം നല്ലതായി തോന്നുന്നു ” കവാനി അഭിമുഖത്തിൽ പറഞ്ഞു. ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള മത്സരത്തിൽ യുണൈറ്റഡിന് വേണ്ടി കവാനി കളത്തിലിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടോട്ടൻഹാമിനോടേറ്റ തോൽവി യുണൈറ്റഡിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *