മെസ്സി പ്രീമിയർ ലീഗിലേക്ക് പോവുകയാണെങ്കിൽ ആ ക്ലബ് തിരഞ്ഞെടുക്കണമെന്ന് റിവാൾഡോ

സമകാലികഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വാർത്തകളിലൊന്നാണ് ബാഴ്‌സ സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുന്നുവെന്ന്. ഒരു പ്രമുഖസ്പാനിഷ് മാധ്യമത്തിന്റെ റിപ്പോർട്ടിനെ ചുവടുപിടിച്ചാണ് ഈ വാർത്തകൾ ഒക്കെ തന്നെയും പരക്കുന്നത്. എന്നാൽ ഇതിനെ തുടർന്ന് ഒട്ടേറെ ചർച്ചകൾ ഫുട്ബോൾ ലോകത്ത് നടക്കുകയും ചെയ്തു. മെസ്സി ബാഴ്സ വിട്ടാൽ ഏത് ക്ലബ്ബിലേക്ക് പോവുമെന്ന ചോദ്യമാണ് ഇതിൽ പ്രധാനി. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മുൻ ബ്രസീലിയൻ-ബാഴ്സ ഇതിഹാസം റിവാൾഡോ. മെസ്സിക്ക് പ്രീമിയർ ലീഗിൽ ലളിതമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനാവുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നാണ് റിവാൾഡോ പറഞ്ഞത്. മെസ്സി പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയാണെങ്കിൽ മെസ്സിക്ക് ഏറ്റവും നല്ലത് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ആയിരിക്കുമെന്നും മെസ്സി അത് തിരഞ്ഞെടുക്കണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ബെറ്റ്ഫയറിന് പുതുതായി അദ്ദേഹം അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

” മെസ്സിയുടെ കരാർ അവസാനിക്കുമ്പോൾ മെസ്സിക്ക് മുപ്പത്തിനാല് വയസ്സാവും. പക്ഷെ അദ്ദേഹത്തിന്റെ പ്രതിഭ വെച്ച് അപ്പോഴും പ്രീമിയർ ലീഗിൽ ലളിതമായി കളിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ബാഴ്സയിൽ അദ്ദേഹത്തിന്റെ കരാർ അവസാനിക്കുന്നു എന്ന് കാണുന്നത് ദുഃഖകരമായ ഒരു കാര്യമാണ്. അദ്ദേഹം ബാഴ്സയിൽ തുടരും എന്ന് തന്നെയാണ് ഞാനും പ്രതീക്ഷിക്കുന്നത്. പക്ഷെ അദ്ദേഹം ക്ലബ്‌ വിടാൻ തീരുമാനിക്കുകയാണെങ്കിൽ താരത്തിന് ഏറ്റവും നല്ലത് പെപ് ഗ്വാർഡിയോളയുടെ കീഴിലുള്ള മാഞ്ചസ്റ്റർ സിറ്റിയാവും. ബാഴ്സയിൽ ഇരുവരും തമ്മിൽ നല്ല രീതിയിലുള്ള ഗുരുശിഷ്യബന്ധമായിരുന്നു. ഇതിനാൽ തന്നെ മെസ്സിക്ക് സിറ്റിയിൽ കാര്യങ്ങൾ എളുപ്പമാവുമെന്നാണ് ഞാൻ കരുതുന്നത് ” റിവാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *