മൂന്ന് ലീഗിലെയും രാജാവ്, മറ്റൊരു റെക്കോർഡിനരികെ ക്രിസ്റ്റ്യാനോ

താൻ പന്തുതട്ടിയിടത്തെല്ലാം പൊന്നുവിളയിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു റെക്കോർഡിനരികെയാണിപ്പോൾ. ഇന്ന് സാസുവോളോക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോൾ നേടിയാൽ ആ റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്വന്തമാകും. ഇന്ന് ഗോൾ നേടിയാൽ അത് താരത്തിന്റെ സിരി എയിലെ അൻപതാം ഗോളാകും. അങ്ങനെയാണെങ്കിൽ പ്രീമിയർ ലീഗിലും സിരി എയിലും ലാലിഗയിലും അൻപത് ഗോളുകൾ തികക്കുന്ന ചരിത്രത്തിലെ ആദ്യത്തെ താരം എന്ന റെക്കോർഡ് ഇനി ക്രിസ്റ്റ്യാനോയുടെ പേരിലാവും.നിലവിൽ നാല്പത്തിയൊമ്പത് ഗോളുകൾ താരത്തിന്റെ പേരിൽ ഉണ്ട്. കഴിഞ്ഞ സീസണിൽ സിരി എയിൽ എത്തിയ താരം ഇരുപത്തിയൊന്ന് ഗോളുകളും ഈ സീസണിൽ ഇത് വരെ ഇരുപത്തിയെട്ട് ഗോളുകളും ക്രിസ്റ്റ്യാനോ നേടികഴിഞ്ഞു.

പ്രീമിയർ ലീഗിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിന് വേണ്ടി 84 ഗോളുകൾ ആണ് താരം നേടിയിട്ടുള്ളത്. അത് കഴിഞ്ഞ് ലാലിഗയിലെ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ താരം 311 ഗോളുകളാണ് അടിച്ചു കൂട്ടിയത്. കൂടാതെ ഇറ്റലിയിൽ എല്ലാ കോംപിറ്റീഷനുകളിലുമായി ഏറ്റവും വേഗത്തിൽ അൻപത് ഗോളുകൾ തികക്കുന്ന രണ്ടാമത്തെ താരമാവാൻ ക്രിസ്റ്റ്യാനോക്ക് സാധിക്കും. ഇന്ന് ഗോൾ നേടിയാൽ എഴുപത് മത്സരങ്ങളിൽ നിന്നായിരിക്കും ഈ നേട്ടം കൈവരിക്കുക. ഷെവ്ച്ചെങ്കോയാണ് ഒന്നാമത്. അദ്ദേഹം 69 മത്സരങ്ങളിൽ നിന്നാണ് അൻപത് ഗോളുകൾ നേടിയത്. അതേ സമയം യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ മൂന്നെണ്ണത്തിൽ അൻപത് ഗോളുകൾ തികക്കുന്ന രണ്ടാമത്തെ താരമാവാനും ക്രിസ്റ്റ്യാനോക്ക് കഴിയും. എഡിൻ സെക്കോയാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്. ഇറ്റലി, ജർമനി, ഇംഗ്ലണ്ട് എന്നീ ലീഗുകളിൽ ആണ് അദ്ദേഹം അൻപത് ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *