മാരകമായ ഫൗൾ, തിയാഗോയോട് പരസ്യമായി മാപ്പ് പറഞ്ഞ് റിച്ചാർലീസൺ !

കഴിഞ്ഞ ലിവർപൂൾ vs എവെർട്ടൺ മത്സരത്തിൽ സൂപ്പർ താരം റിച്ചാർലീസൺ റെഡ് കാർഡ് കണ്ടിരുന്നു. 2-2 എന്ന സ്കോറിന് സമനിലയിൽ അവസാനിച്ച മത്സരത്തിലെ തൊണ്ണൂറാം മിനുട്ടിലാണ് ഈ ബ്രസീലിയൻ താരം ചുവപ്പ് കാർഡ് കണ്ടത്. ലിവർപൂളിന്റെ മധ്യനിര താരം തിയാഗോ അൽകാൻട്രയെ മാരകമായി ഫൗൾ ചെയ്തതിനായിരുന്നു താരത്തിന് റെഡ് കാർഡ് കിട്ടിയത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ് റിച്ചാർലീസൺ. കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗികവെബ്സൈറ്റിലൂടെയാണ് റിച്ചാർലീസൺ മാപ്പ് അഭ്യർത്ഥിച്ചത്. താൻ മനഃപൂർവമല്ല അത് ചെയ്തതെന്നും അമിതമായ ആത്മാർത്ഥത കൊണ്ട് സംഭവിച്ചു പോയതാണെന്നും ഞാൻ പരസ്യമായി തന്നെ മാപ്പ് ചോദിക്കുന്നുവെന്നും റിച്ചാർലീസൺ അറിയിച്ചു. താൻ തിയാഗോയോട് നേരിട്ട് തന്നെ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും എന്റെ ആരാധകരോടും ക്ലബ്ബിനോടും താൻ മാപ്പ് അഭ്യർത്ഥിക്കുന്നുവെന്നും റിച്ചാർലീസൺ കൂട്ടിച്ചേർത്തു.

” എന്റെ അമിതമായ ആത്മാർത്ഥയുടെ അനന്തരഫലമായിട്ടാണ് കഴിഞ്ഞ ദിവസം അങ്ങനെ സംഭവിച്ചത്. ഞാനൊരിക്കലും മനഃപൂർവം തിയാഗോയെ വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. മത്സരത്തിന്റെ വേഗത കൊണ്ടാണ് അത്രയും കഠിനമായ രീതിയിൽ അത് സംഭവിച്ചു പോയത്. ഞാൻ അദ്ദേഹത്തിന് സന്ദേശമയച്ചു കഴിഞ്ഞു. അതിന് പുറമെ ഇവിടെയും ഞാൻ പരസ്യമായി മാപ്പ് ചോദിക്കുന്നു.അദ്ദേഹത്തിന് പ്രശ്നങ്ങളൊന്നുമില്ല എന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഞാൻ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ സംഭവിച്ചതിനെ എനിക്ക് മാറ്റാനാവില്ലല്ലോ.. ഇനി മുന്നോട്ട് പോവുക തന്നെ.. ” ഇതായിരുന്നു റിച്ചാർലീസൺ കുറിച്ചത്. തിയാഗോയുടെ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ഒടുവിലെ വിവരം.

Leave a Reply

Your email address will not be published. Required fields are marked *