പീരങ്കിപ്പടയോട് ഞെട്ടിക്കുന്ന തോൽവിയേറ്റുവാങ്ങി ക്ലോപും സംഘവും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിലെ മൂന്നാമത്തെ തോൽവിയേറ്റുവാങ്ങി ലിവർപൂൾ. ഇന്നലെ നടന്ന മുപ്പത്തിയാറാം റൗണ്ട് പോരാട്ടത്തിലാണ് ഗണ്ണേഴ്‌സിനോട് അവരുടെ തട്ടകത്തിൽ പരാജയം അറിയേണ്ടി വന്നത്. 2-1 എന്ന സ്കോറിനാണ് ക്ലോപും സംഘവും പരാജയമറിഞ്ഞത്. കിരീടം നേടിയതിന് ശേഷമുള്ള രണ്ടാം തോൽവിയായിരുന്നു ഇത്. സീസണിൽ നൂറ് പോയിന്റ് നേടുമെന്ന് കരുതിയ ലിവർപൂളിന് ഇനിയത് സാധ്യമല്ല. മുപ്പത്തിയാറ് മത്സരങ്ങളിൽ നിന്ന് 93 പോയിന്റാണ് ലിവർപൂൾ നേടിയത്. ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയം നേടിയാലും നൂറ് എന്ന മാന്ത്രികസംഘ്യ നേടാൻ ക്ലോപിന്റെ കുട്ടികൾക്കാവില്ല. ഒരു ഗോളിന്റെ ലീഡ് നേടിയതിന് ശേഷമാണ് ലിവർപൂൾ രണ്ട് ഗോൾ വഴങ്ങി പരാജയം അറിഞ്ഞത്.

സൂപ്പർ താരങ്ങളെയെല്ലാം അണിനിരത്തി കൊണ്ടാണ് ക്ലോപ് തന്റെ ആദ്യഇലവനെ ഇറക്കിയത്. എന്നാൽ പ്രതിരോധനിരയും ഗോൾകീപ്പറും വരുത്തി വെച്ച പിഴവാണ് റെഡ്‌സിനെ തോൽവിയിലേക്ക് തള്ളിയിട്ടത്. മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ സാഡിയോ മാനേയാണ് ലിവർപൂളിന്റെ ഗോൾ നേടിയത്. റോബർട്ട്‌സണിന്റെ പാസിൽ നിന്നും മാനേ വലകുലുക്കുകയായിരുന്നു. എന്നാൽ 32-ആം മിനിറ്റിൽ ലാക്കസാട്ടെ ഇതിന് മറുപടി നൽകി. വാൻഡൈക്ക് ആലിസണിന് നൽകിയ ബാക്ക് പാസ്സ് പിടിച്ചെടുത്ത ലാക്കസാട്ടെ ഗോൾ നേടുകയായിരുന്നു. വൈകാതെ തന്നെ നാല്പത്തിനാലാം മിനുട്ടിൽ ലിവർപൂളിന് രണ്ടാം പ്രഹരമേറ്റു. ഗോൾ കീപ്പർ ആലിസൺ നൽകിയ പന്ത് ലാക്കസാട്ടെ ഉടനടി നെൽസണ് മറിച്ചു നൽകുന്നു. ഞൊടിയിടയിൽ അദ്ദേഹം ആ പന്ത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. പിന്നീട് രണ്ടാം പകുതിയിൽ സമനില നേടാൻ ഒട്ടേറെ അവസരങ്ങൾ ലഭിച്ചുവെങ്കിലും അതെല്ലാം ലിവർപൂൾ കളഞ്ഞു കുളിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *