നെയ്മർ യുണൈറ്റഡിലേക്കെന്ന റൂമറുകളെ കുറിച്ച് ടെൻ ഹാഗിന് പറയാനുള്ളത്.

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർക്കെതിരെയുള്ള പ്രതിഷേധം സമീപകാലത്ത് പിഎസ്ജി ആരാധകർ വളരെയധികം വർദ്ധിപ്പിച്ചിരുന്നു. നെയ്മറോട് ക്ലബ്ബ് വിടാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. നെയ്മറുടെ വീടിന് മുന്നിൽ പോലും ഇവർ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.പിഎസ്ജി ആരാധകരുടെ ഈ പ്രവർത്തികളിൽ നെയ്മർ ജൂനിയർ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പിഎസ്ജി ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ നെയ്മറെ ഒഴിവാക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടിരുന്നില്ല.പ്രധാന തടസ്സം നെയ്മറുടെ വലിയ സാലറി തന്നെയാണ്.ഈ ട്രാൻസ്ഫർ ജാലകത്തിലും നെയ്മറെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ പിഎസ്ജി നടത്തും എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. മാത്രമല്ല ഇപ്പോൾ നെയ്മർ തന്നെ പിഎസ്ജി വിടുന്നത് പരിഗണിക്കുന്നുണ്ട്.ആരാധകരുടെ പ്രവർത്തികളാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് നെയ്മറെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെന്നും അവർ പിഎസ്ജിയുമായി ചർച്ചകൾ ആരംഭിച്ചു എന്നുമുള്ള വാർത്തകൾ കഴിഞ്ഞദിവസം ഫുട്ബോൾ ലോകത്ത് സജീവമായിരുന്നു. ഫ്രഞ്ച് മീഡിയയായ ലെ എക്കുപ്പിനെ ഉദ്ധരിച്ചുകൊണ്ട് എല്ലാവരും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്. അതായത് ഇത്തരത്തിലുള്ള ഒരു സംഭവമില്ലെന്നും ഇങ്ങനെയുള്ള വാർത്തകൾ ഉണ്ടായാൽ ഞങ്ങൾ തന്നെ നിങ്ങളെ അറിയിക്കും എന്നുമാണ് ടെൻ ഹാഗ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

നെയ്മറെ ടീമിലേക്ക് എത്തിക്കാൻ വേണ്ടി കാസമിറോ ശ്രമിക്കുന്നുണ്ട് എന്നായിരുന്നു മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നത്.ഏതായാലും ആ റൂമറിന് ഇപ്പോൾ വിരാമമാവുകയാണ്.ചെൽസി,ന്യൂകാസിൽ യുണൈറ്റഡ് എന്നിവരെ ബന്ധപ്പെടുത്തിക്കൊണ്ട് വാർത്തകൾ ഉണ്ടെങ്കിലും അതിലൊന്നും ഇതുവരെ പുരോഗതി രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ പരിക്കു മൂലം വിശ്രമത്തിലാണെങ്കിലും ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ നെയ്മർക്ക് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!