തിയാഗോ സിൽവയുടെ പരിചയസമ്പത്താണ് തങ്ങൾക്ക് പ്രധാനമെന്ന് ലംപാർഡ് !

തിയാഗോ സിൽവയുടെ പരിചയസമ്പത്താണ് ചെൽസിക്ക് ഏറെ പ്രധാനപ്പെട്ടതെന്ന് പരിശീലകൻ ഫ്രാങ്ക് ലംപാർഡ്. കഴിഞ്ഞ ദിവസം ചെൽസിയുടെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ലംപാർഡ് സിൽവയെ പറ്റി കൂടുതൽ സംസാരിച്ചത്. പൊതുവെ യുവതാരങ്ങൾ അടങ്ങിയ തങ്ങളുടെ ടീമിന് സിൽവയുടെ പരിചയസമ്പത്ത് വളരെയധികം ഗുണം ചെയ്യും എന്നാണ് പരിശീലകന്റെ കണ്ടെത്തൽ. ടീം അംഗങ്ങളെ പ്രചോദിപ്പിക്കാൻ കഴിവുള്ള ഒരു നായകനാണ് സിൽവയെന്നും ലംപാർഡ് അറിയിച്ചു. അടുത്ത മാസം 36 വയസ്സ് തികയുന്ന സിൽവ പിഎസ്ജി വിട്ട് ഫ്രീ ഏജന്റ് ആയിരുന്നു. തുടർന്ന് ഒരു വർഷത്തെ കരാറിൽ ചെൽസി താരത്തെ സ്വന്തമാക്കുകയായിരുന്നു. താരത്തിന്റെ പ്രകടനം അനുസരിച്ച് കരാർ പുതുക്കണോ വേണ്ടയോ എന്നുള്ളത് ചെൽസി പിന്നീട് തീരുമാനിക്കും. സിൽവയെ കൂടാതെ ചിൽവെൽ, മലങ് സർ എന്നിവരെ ഡിഫൻസിലേക്ക് ചെൽസി എത്തിച്ചിരുന്നു.

” എല്ലാവർക്കും നല്ല പോലെ അറിയുന്ന താരമാണ് സിൽവ. അദ്ദേഹം വളരെയധികം പരിചയസമ്പത്തുള്ള താരമാണ്. ഇപ്പോഴും നല്ല ഉയർന്ന തലത്തിൽ കളിക്കുന്ന താരമാണ്. ചാമ്പ്യൻസ് ലീഗ് ഫൈനലിലും അതിന് മുമ്പുള്ള മത്സരങ്ങളിലും അദ്ദേഹത്തിന്റെ പ്രകടനം നാം വീക്ഷിച്ചതാണ്. അത്കൊണ്ട് തന്നെ അദ്ദേഹത്തെ ഇവിടെ കൊണ്ടുവരാനാവുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിചയസമ്പത്തും, അദ്ദേഹത്തിന്റെ ക്വാളിറ്റിയും നേതൃത്വഗുണവുമെല്ലാം തന്നെ ഞങ്ങൾക്ക് വളരെയധികം പ്രധാനപ്പെട്ടതാണ്. തീർച്ചയായും ഞങ്ങൾക്ക് ഒരു യുവനിരയാണ് ഉള്ളത്. കഴിഞ്ഞ വർഷം നമ്മൾ അത്‌ കണ്ടതാണ്. താരങ്ങളുമായി കൂടുതൽ സംസാരിക്കുന്ന, പ്രചോടിപ്പിക്കുന്ന ഒരാളുടെ അഭാവം ടീമിനകത്ത് ഉണ്ടായിരുന്നു. തീർച്ചയായും അത്‌ പരിഹരിക്കാൻ സിൽവക്ക് കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹം ഇവിടെ എത്തിച്ചേർന്നതിൽ ഞാനും വളരെയധികം സന്തോഷവാനാണ് ” ലംപാർഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *