ഡോർട്മുണ്ടിന് മുകളിലല്ല യുണൈറ്റഡ്, സാഞ്ചോയോട് യുണൈറ്റഡിലേക്ക് പോവരുതെന്ന് സഹതാരം

ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്‌ വിടാനൊരുങ്ങി നിൽക്കുന്ന താരമാണ് ബൊറൂസിയയുടെ യുവസൂപ്പർ താരം ജേഡൻ സാഞ്ചോ. ട്രാൻസ്ഫർ മാർക്കറ്റിൽ പല വമ്പൻ ക്ലബുകളും താരത്തിന് വേണ്ടി രംഗത്തുണ്ടെങ്കിലും മാഞ്ചസ്റ്റർ യൂണൈറ്റഡാണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്. താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡ് പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാലിപ്പോൾ തന്റെ സഹതാരത്തിന് വിലപ്പെട്ട ഉപദേശങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് എംറി ചാൻ. ഡോർട്മുണ്ടിനെക്കാൾ മുകളിലല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നും ബൊറൂസിയയിൽ തുടർന്നാലും സാഞ്ചോക്ക് ഉയരങ്ങൾ കീഴടക്കാമെന്നും ചാൻ അഭിപ്രായപ്പെട്ടു.

” ഞാൻ അദ്ദേഹത്തോട് ഇവിടെ നിൽക്കാനാണ് ആവശ്യപ്പെടുന്നത്. ഇവിടെ ഒരുപാട് കാലം ഒരുമിച്ചു പന്തുതട്ടാം. അദ്ദേഹത്തെ പോലെ പ്രതിഭയുള്ള അധികതാരങ്ങളൊന്നുമില്ല എന്നെനിക്കറിയാം. തീർച്ചയായും അദ്ദേഹം ബൊറൂസിയക്ക് ഏറെ ആവശ്യമുള്ള താരമാണ് എന്നത് ഞാൻ ശ്രദ്ധിച്ചതാണ്.ബൊറൂസിയക്ക് മുകളിൽ യുണൈറ്റഡിനെ കാണാനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ല. കായികപരമായ കാര്യത്തിലായാലും ആകർഷകമായ മറ്റെന്തെങ്കിലും കാര്യത്തിലായാലും ബൊറൂസിയക്ക് മുകളിലല്ല യുണൈറ്റഡ് ” മുൻ ലിവർപൂൾ താരം കൂടിയായ ചാൻ സ്പോർട്ട് ബിൽഡിനോട് പറഞ്ഞു.

സാഞ്ചോക്ക് വേണ്ടി ചെൽസിയും രംഗത്തുണ്ടെങ്കിലും ഏറ്റവും ശക്തമായി രംഗത്തുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ്. ഏകദേശം നൂറു മില്യൺ പൗണ്ട് എങ്കിലും താരത്തിന് വേണ്ടി യുണൈറ്റഡ് ചിലവഴിക്കേണ്ടി വരുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. രണ്ട് വർഷം കൂടി ബൊറൂസിയയിൽ താരത്തിന് കരാർ ഉണ്ടെങ്കിലും ക്ലബ്‌ വിടാൻ തന്നെയാണ് സാഞ്ചോക്ക് ആഗ്രഹം. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ഈ ഇംഗ്ലണ്ട് താരം ലക്ഷ്യം വെക്കുന്നത്. ഇരുപത്കാരനായ താരം നിലവിൽ മികച്ച പ്രകടനമാണ് ബൊറൂസിയയിൽ കാഴ്ച്ചവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *