ഡേവിഡ് ലൂയിസിനെ കയ്യൊഴിഞ്ഞ് ആഴ്‌സണൽ

ബ്രസീലിയൻ സൂപ്പർ താരം ഡേവിഡ് ലൂയിസിനെ കയ്യൊഴിയാനൊരുങ്ങി ആഴ്‌സണൽ. ഈ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ പറഞ്ഞു വിടാനാണ് ഗണ്ണേഴ്‌സ്‌ ആലോചിക്കുന്നത്. അടുത്ത മാസം തന്നെ താരത്തിന്റെ കരാർ അവസാനിക്കും. എന്നാൽ ഇത് വരെ കരാർ പുതുക്കുന്നതിന്റെ ചർച്ചകൾ ഒന്നും തന്നെ താരവുമായി ക്ലബ്‌ നടത്തിയിട്ടില്ല. കേവലം ഒരു വർഷം മാത്രം ഗണ്ണേഴ്‌സ്‌ ജേഴ്സിയണിഞ്ഞാണ് താരം പടിയിറങ്ങുന്നത്. കഴിഞ്ഞ വർഷം എട്ട് മില്യൺ പൗണ്ടിന് ചിരവൈരികളായ ചെൽസിയിൽ നിന്നാണ് ലൂയിസ് ആഴ്‌സണലിലെത്തിയത്. ഇരുപത്തിയഞ്ച് മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം രണ്ട് ഗോളുകളും നേടിയിട്ടുണ്ട്.

ആഴ്‌സണലിന്റെ പുതിയ പരിശീലകൻ ആർട്ടെറ്റക്ക് ഏറെ പ്രിയപ്പെട്ടവനാണ് ലൂയിസ്. അദ്ദേഹത്തിന് കീഴിൽ ആകെ കളിച്ച 15 മത്സരങ്ങളിൽ പതിനാലിലും ലൂയിസ് കളത്തിലിറങ്ങിയിട്ടുണ്ട്. പക്ഷെ താരത്തെ നിലനിർത്താൻ സാമ്പത്തികപരമായി ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ആഴ്‌സണൽ പറഞ്ഞു വിടുന്നത്. കഴിഞ്ഞ വർഷം നിക്കോളാസ് പെപെ ഉൾപ്പടെയുള്ള താരങ്ങളെ സൈൻ ചെയ്തത് തന്നെ വലിയ സാമ്പത്തികഭാരം ക്ലബിന് വരുത്തിവെച്ചിരുന്നു. കോവിഡ് പ്രതിസന്ധിയും ചാമ്പ്യൻസ് ലീഗ് വരുമാനം നിലച്ചതുമൊക്കെ സാമ്പത്തികമായി ആഴ്‌സണലിന് തിരിച്ചടിയാവുകയായിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ ഡേവിഡ് ലൂയിസിനെ നിലനിർത്താൻ സാധ്യതയില്ല.തന്റെ മുൻ ക്ലബായ ബെൻഫിക്കയിലേക്കാണ് ലൂയിസ് ചേക്കേറാൻ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *