ഡിഗിയയുടെ കൈകൾ ചോർന്നു, ചെൽസിയോട് നാണംകെട്ട് യുണൈറ്റഡ് പുറത്ത്!

എഫ്എ കപ്പിൽ ഫൈനൽ കാണാതെ ചുവന്നചെകുത്താൻമാർ പുറത്ത്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി യുണൈറ്റഡിനെ നാണംകെടുത്തി വിട്ടത്. യുണൈറ്റഡ് പ്രതിരോധത്തിന്റെയും ഗോൾകീപ്പറുടെയും മോശം പ്രകടനമാണ് തോൽവിയിലേക്ക് തള്ളി വിട്ടത്. ഒലിവർ ജിറൂദ്, മാസോൺ മൗണ്ട് എന്നിവർ ചെൽസിയുടെ ഗോൾ നേടിയപ്പോൾ ശേഷിച്ച ഗോൾ മഗ്വയ്‌റിന്റെ സംഭാവനയായിരുന്നു. യുണൈറ്റഡിന്റെ ആശ്വാസഗോൾ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ കണ്ടെത്തി. ഇതോടെ എഫ്എ കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ ലംപാർഡിന്റെ നീലപ്പടക്ക് കഴിഞ്ഞു.

ആന്റണി മാർഷ്യൽ, പോൾ പോഗ്ബ എന്നിവർക്ക് ആദ്യഇലവനിൽ സ്ഥാനം നൽകാതെയാണ് സോൾഷ്യാർ ടീമിനെ കളത്തിലിറക്കിയത്. ഇത് വിനയാവുകയും ചെയ്തു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് ചെൽസി ആദ്യഗോൾ നേടിയത്. ആസ്പിലിക്കൂട്ടയുടെ പാസിന് ജിറൂദ് കാൽവെച്ചു കൊടുക്കുകയായിരുന്നു. ഡിഗിയ കൈയ്യിലൊതുക്കാവുന്ന ബോളായിട്ടും അദ്ദേഹം ഗോൾ വഴങ്ങി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മൗണ്ട് രണ്ടാം ഗോളും നേടി. ഇത്തവണയും ഡിഗിയക്ക് രക്ഷപ്പെടുത്താൻ സാധിക്കാവുന്ന ഒന്നായിരുന്ന അത്. 74-ആം മിനിറ്റിൽ മഗ്വയ്‌റിന്റെ സെൽഫ് ഗോൾ കൂടി വന്നതോടെ യുണൈറ്റഡിന്റെ പതനം പൂർത്തിയായി. 86-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് ലക്ഷത്തിലെത്തിച്ചതോടെ യുണൈറ്റഡിന്റെ തോൽവി ഭാരം കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *